സൗഹൃദം നടിച്ച് യുവതികളുമായി മുങ്ങി ആഭരണം കൈക്കലാക്കുന്നയാൾ പിടിയിൽ
text_fieldsവളാഞ്ചേരി: സമൂഹമാധ്യമങ്ങൾ വഴി ഭർതൃമതികൾ ഉൾപ്പെടെ സ്ത്രീകളെ പരിചയപ്പെട്ട് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്ന പ്രതിയെയും രണ്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെയും വളാഞ്ചേരി പൊലീസ് പിടികൂടി. തിരുവനന്തപുരം കാരോട് ആയിരം സ്വദേശി വിരാലി വിള പുത്തൻവീട് ജോണിയെയും (36) വളാഞ്ചേരി സ്വദേശിനിയായ യുവതിയെയുമാണ് എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുവതി ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി മുങ്ങുകയായിരുന്നു. ജോലിക്കുള്ള അഭിമുഖം ഉണ്ടെന്ന് പറഞ്ഞ് മാർച്ച് ഒമ്പതിനാണ് കാമുകനോടൊപ്പം വീട്ടിൽനിന്ന് പോയത്. ഭർത്താവിന്റെ പരാതിയിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇരുവരെയും വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് പിടികൂടുകയുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ട്രെയിൻ മാർഗമാണ് പ്രതികൾ തിരുവനന്തപുരത്തേക്ക് പോയത്.
സ്ത്രീകളുമായി സൗഹൃദം നടിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നതാണ് പ്രതിയുടെ രീതിയെന്നും ഇത്തരത്തിൽ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ട് കുട്ടികളുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, പ്രദീപ്, ബിനി, രജിത എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.