റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
text_fieldsആലുവ: ആലുവ - മൂന്നാർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് വ്യാഴാഴ്ച്ച നാലുമണിയോടെ ആലുവ നജാത്ത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
കഴിഞ്ഞ മാസം 20 ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തോട്ടുമുഖത്തുള്ള മകളുടെ വീട്ടിൽ വന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ റോഡിലെ മരണകുഴിയിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ച് പോകുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശരീരമാകെ പരിക്കേറ്റ കുഞ്ഞുമുഹമ്മദിൻറെ വലതുകൈയുടെ തോളെല്ലിന് പൊട്ടലുമുണ്ടായി. അത്യാസന്ന നിലയിലായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വിവിധ ശാസ്ത്രക്രിയകളടക്കം നടത്തിയെങ്കിലും അബോധാവസ്ഥയിലേക്ക് പോകുകയായിരുന്നു. ഇതേ തുടർന്ന് ഈ മാസം ഒന്നിനാണ് ആലുവ നജാത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളത്തെ ആശുപത്രിയിൽ മാത്രം അഞ്ചു ലക്ഷം രൂപയോളം ചിലവായി. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ പത്ത് ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപണികൾ നടത്തിയതിന് ശേഷമായിരുന്നു ഈ അപകടം.
കുട്ടമശ്ശേരി വരെയുള്ള ഭാഗം മാത്രമാണ് അറ്റകുറ്റപ്പണി ചെയ്തത്. അപകടം നടന്ന പതിയാട്ട് മുതൽ മാറമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ കുഴികൾ അടക്കൽ നടന്നിരുന്നില്ല. അത്തരത്തിലുള്ള കുഴിയിൽ വീണാണ് കുഞ്ഞുമുഹമ്മദിന് പരിക്കേറ്റത്. അടച്ചകുഴികൾ പൊളിഞ്ഞു വലിയ കുഴികളായി രൂപപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.