മനു തോമസ് വിഷയം സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും; മൗനം വിദ്വാന് ഭൂഷണമെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: ക്വട്ടേഷന്‍കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും ഇത്തരക്കാരെ സഹായിക്കുന്നവരാണ് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും ജില്ല കമ്മിറ്റി അംഗം എം. ഷാജറുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനെതുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് ഒഴിവായ മനു തോമസ് നേതാക്കള്‍ക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരവേല അപലപനീയമാണെന്നും ജനം അത് തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു. മനു തോമസ് ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി പരിഗണിക്കട്ടെയെന്നും ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചു.
സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റുമായിരുന്ന മനു തോമസ് പാർട്ടിയുമായി അകന്നപ്പോൾ പി. ജയരാജനും മകനുമെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്നത്. പി. ജയരാജൻ ഉൾപ്പെട്ട സംസ്ഥാന കമ്മിറ്റി വിഷയം ചർച്ചചെയ്യട്ടെ എന്നാണ് അദ്ദേഹംകൂടി പങ്കെടുത്ത യോഗതീരുമാനം. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ അടക്കം നടത്തി പി. ജയരാജൻ വിഷയം വഷളാക്കിയതിൽ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അതൃപ്തി അറിയിച്ചതായാണ് സൂചന.
മനു തോമസ് അന്നത്തെ ജില്ല സെക്രട്ടറിയായ പി. ജയരാജനെതിരെ മാധ്യമങ്ങളിലടക്കം പ്രതികരിച്ചതോടെയാണ് ഇവർ തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളിലടക്കം വ്യാപിച്ചത്. പാർട്ടിയിൽ ഗ്രൂപ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നും മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അടക്കമുള്ള ആരോപണങ്ങൾ ജയരാജനെതിരെ മനു തോമസ് ഉന്നയിച്ചിരുന്നു.
ജയരാജന്‍റെ മകന്‍ ജെയിൻ പി. രാജ് സ്വര്‍ണം പൊട്ടിക്കലിന്‍റെ കോഓഡിനേറ്ററാണെന്നും റെഡ് ആർമി ഫേസ്ബുക്ക് പേജ് അഡ്മിനാണെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ അപകീർത്തികരമായ പരാമർശത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയിൻ പി. രാജ് കഴിഞ്ഞദിവസം മനു തോമസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്നത്. യോഗത്തിനുശേഷം പുറത്തിറങ്ങിയ പി. ജയരാജൻ ഒന്നും പറയാനില്ലെന്നും മൗനം വിദ്വാന് ഭൂഷണമെന്നും പറഞ്ഞൊഴിഞ്ഞു.
സി.പി.എമ്മിനും ജയരാജനും മകനുമെതിരായ മനു തോമസിന്റെ ആരോപണങ്ങൾക്കെതിരെ നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയാറായില്ല. സ്പീക്കർ എ.എൻ. ഷംസീർ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ടി.വി. രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.