അയ്യൻകുന്നിലെ അടയാളപ്പെടുത്തൽ ദുരൂഹത പടർത്തുന്നു; പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിയുന്നില്ല
text_fieldsഇരിട്ടി: ജനങ്ങളെ ഭീതിയിലാക്കി അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും അടയാളപ്പെടുത്തലുകൾ നടത്തിയത് ആരെന്ന് കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴക്കുന്നു. മേഖലയിലെ നാലു വാർഡുകളെ ബന്ധിപ്പിച്ചാണ് അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ അടയാളപ്പെടുത്തിയ ഭാഗങ്ങളെല്ലാം കർണാടക ബ്രഹ്മഗരി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ്. അതുകൊണ്ടാണ് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള കരുതൽ വനമേഖല എന്ന നിലയിൽ അടയാളപ്പെടുത്തലിന് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ അതിരിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളെ കരുതൽ മേഖലയിൽനിന്നും ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് ഇക്കാര്യത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാലും, എല്ലാ ഇടങ്ങളിലും സമാനരീതിയിലുള്ള അടയാളപ്പെടുത്തലിനുപിന്നിൽ ലക്ഷ്യമെന്തെന്നകാര്യം വനം വകുപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്.
അടയാളപ്പെടുത്തലിന് ഔദ്യോഗിക തലം ഇല്ലാഞ്ഞതിനാൽ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യൂ വകുപ്പിന്. എന്നാൽ, അറിയിപ്പുപോലും നൽകാതെ ആർക്കും സർവേ നടത്താനോ അടയാളപ്പെടുത്താനോ അവകാശം ഇല്ല. പിന്നെയെങ്ങനെ ഇത്രയും പ്രദേശത്ത് അടയാളപ്പെടുത്തൽ ഉണ്ടായി എന്നതും ഗൗരവമേറിയ കാര്യമായി മാറുന്നു.കർണാടക നിഷേധിച്ചിട്ടും ജില്ല ഭരണകൂടം വൈകിയാണെങ്കിലും കാണിക്കുന്ന ജാഗ്രതയും വളരെ പ്രധാനപ്പെട്ടതാണ്.
എ.ഡി.എം കെ.കെ. ദിവാകരനും തഹസിൽദാർ സി.വി. പ്രകാശനും മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി. വനം ഉത്തര മേഖല സി.സി.എഫ് കെ.എസ്. ദീപയും സംഘവും മേഖലയിൽ എത്തിയത് വനം മന്ത്രിയുടെയും പ്രിൻസിപ്പൽ കൺസർവേറ്ററുടെയും നിർദേശപ്രകാരമാണ്. പാലത്തുംകടവിൽ ബാരാ പോൾ മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന് ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ കർഷകനായ ജോർജ് കുന്നത്ത് പാലക്കലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
കന്നട ഭാഷ സംസാരിക്കുന്ന മൂന്നുപേർ ഇവിടെയെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇദ്ദേഹം പറഞ്ഞു.പൊലീസ് സംഘം പ്രദേശത്തെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൂടുതൽ നിരീക്ഷണ കാമറകൾ പരിശോധിച്ചുവരുകയാണ്. കഴിഞ്ഞദിവസം പാലത്തുംകടവിലും കളിതട്ടുംപാറയിലും കണ്ട കാർ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ശാസ്ത്രീയമാർഗത്തിലൂടെ നമ്പർ കണ്ടെത്താൻ കഴിഞ്ഞാൽ അടയാളപ്പെടുത്തിയവരെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് വനം, റവന്യൂ വകുപ്പുകൾ. കിളിയന്തറ, കൂട്ടുപുഴ ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ കാമറകൾ പരിശോധിക്കാനുള്ള നടപടികളും തുടങ്ങി.ഗ്രാമപഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസ്, ബിജിനിത്ത് കുറുപ്പൻപറമ്പ് എന്നിവരും നിരവധി കർഷകരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.