ചമയങ്ങൾക്ക് മാസ്ക് വീണു; ചമയക്കാർ മറുവഴിയിൽ
text_fieldsകാസർകോട്: മനുഷ്യെൻറ ചമയങ്ങളെല്ലാം തകർക്കപ്പെട്ട കോവിഡ് കാലത്ത് ചമയ കലാകാരന്മാരുടെ ജീവിതം തകർന്നുവീണത് ആരും കണ്ടില്ല. സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് ചമയങ്ങളുമായി പായുന്ന ഉറക്കമില്ലാത്ത കലാകാരന്മാരുടെ ജീവിതത്തിൽ ഇപ്പോൾ ഉൗണുമില്ല, ഉറക്കവുമില്ല, തിരിഞ്ഞുനോക്കാനാളുമില്ല.
ജീവിക്കാൻ മറുവഴി അന്വേഷിക്കുകയാണ് പേരെടുത്ത മിക്ക കലാകാരന്മാരും. അഞ്ചുപതിറ്റാണ്ടോളമായി കുൽസു അബ്ദുല്ല ചമയങ്ങളുമായി നടക്കുന്നു. ചമയങ്ങൾ അനക്കമറ്റുകിടന്ന ഒരു കാലമായിരുന്നു അബ്ദുല്ലയുടേത്. കഴിഞ്ഞ ദിവസം കാസർകോട് അമേയ് റോഡിലെ അദ്ദേഹത്തിെൻറ കുൽസു ആർട്സിലേക്ക് കയറിയപ്പോൾ, ഉറങ്ങിക്കിടക്കുകയായിരുന്ന ചമയങ്ങളെ അദ്ദേഹം ഉണർത്തി പൊടിതട്ടി ഒതുക്കിവെക്കുകയായിരുന്നു.
ഒരുപക്ഷേ, ചമയങ്ങളിൽ വൈവിധ്യം കൊണ്ടുവന്ന ആർട്ടിസ്റ്റാണ് അബ്ദുല്ല. സംസ്കാര വൈവിധ്യത്തിെൻറ നാടായ കാസർകോട്ട് ഇദ്ദേഹത്തിെൻറ കൈവശം മാത്രമുള്ള ചമയങ്ങളുമുണ്ട്. യക്ഷഗാനം, ഒാട്ടൻതുള്ളൽ, ഗണേശോത്സവം, നാടകം, നൃത്തങ്ങൾ, ഗാനമേള, ഘോഷയാത്രകൾ തുടങ്ങി സ്റ്റേജിലേക്കുള്ള എല്ലാ ചമയങ്ങളും അബ്ദുല്ലയുടെ കൈവശമുണ്ട്.
'ഒരു വർഷം 200ഒാളം ഒാർഡറുകൾ ലഭിക്കും. ജീവിച്ചുപോകാൻ ഇതുമതിയായിരുന്നു. എന്നാൽ, കോവിഡ് കാലത്ത്് ഒരാളും വിളിച്ചില്ല. ഉപജീവനത്തിനുള്ള സഹായവും ലഭിച്ചില്ല'– അബ്ദുല്ല പറഞ്ഞു. 'വർഷം 96 വരെ നാടകം കളിച്ചിട്ടുണ്ട്. ഗ്രാമം എന്ന നാടകത്തിന് 68 സ്റ്റേജുകൾ ചമയിച്ചു. 1973ലാണ് കുൽസു ആർട്സ് തുടങ്ങിയത്. ഇന്നോളം ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
നാടകങ്ങൾക്ക് കണക്കുപറയാറില്ല. നാടകമെന്ന കലക്കും ജീവിക്കണമല്ലോ. അതുകൊണ്ട് നാടകത്തിനുവേണ്ടി നഷ്ടങ്ങൾ സഹിച്ചു. സ്കൂൾ കലോത്സവങ്ങളായിരുന്നു മറ്റൊരു വരുമാന മാർഗം. കുട്ടികളിൽനിന്നും പണം കൃത്യമായി ലഭിക്കും. 75 ഒാളം സ്കൂളുകളും 25നടുത്ത സാംസ്കാരിക സ്ഥാപനങ്ങളും ചമയങ്ങൾക്കായി വിളിക്കുമായിരുന്നു. എത്രത്തോളം നീണ്ടുപോകുമെന്ന് അറിയില്ല. അത്രത്തോളം പ്രയാസവും ഉണ്ടാകും'– തിരുവാതിരയുടെ സെറ്റുമുണ്ട് ഒതുക്കിവെച്ചുകൊണ്ട് അബ്ദുല്ല പറഞ്ഞു.
കലാകാരന്മാർക്ക് സാംസ്കാരിക വകുപ്പ് ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. കലയിൽ മാത്രം ഉപജീവനം നടത്തിപ്പോകുന്നവരല്ല ഇൗ സംഘടനകളിൽ പ്രവർത്തിക്കുന്ന എല്ലാവരും. സർക്കാർ ജോലിയുൾപ്പെടെയുള്ള കലാകാരന്മാർ ഇതിലുണ്ട്. ചമയംകൊണ്ട് മാത്രം ജീവിക്കുന്നവർക്കാണ് വലിയ തിരിച്ചടിയുണ്ടായത്. സർക്കാർ നൽകിയ 2000 രൂപ പോലും ഇവർക്ക് നൽകിയില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. അവരെ ക്ഷേമനിധിയിൽ അംഗങ്ങളുമാക്കിയില്ല.
എം.വി. നാരായണൻ
'വരദ' ആർട്സ്
ചമയം കൊണ്ട് മാത്രം കുടുംബം നോക്കുന്ന 300ഒാളം കലാകാരന്മാരുണ്ട്. ഇവരുടെ ജീവിതമാണ് കോവിഡ് കാലത്ത് തകർന്നുപോയത്. ഇവരിൽ മുക്കാൽ ഭാഗവും ബി.പി.എൽ അല്ല, സമ്പന്നരുടെ പട്ടികയിൽ പെടുത്തിയതിനാൽ ക്ഷേമനിധി ബോർഡ് നൽകിയ 2000 രൂപ ഇവർക്ക് കിട്ടിയില്ല. കലാകാരന്മാരുെട ജീവിതത്തിന് മതിയായ പരിരക്ഷ നൽകാൻ സർക്കാർ തയാറാകണം. കോവിഡ് കാലം ഇൗ രീതിയിൽ തുടരുകയാണെങ്കിൽ ചമയക്കാർ വലിയ ദുരന്തത്തിലേക്കായിരിക്കും പോവുക.
കെ.എൻ. കീപ്പേരി
'നന്മ' ജില്ല സെക്രട്ടറി
രണ്ടു സീസണുകളാണ് കലാകാരന്മാർക്ക് നഷ്ടപ്പെട്ടത്. പ്രളയം വഴിയും കോവിഡ് വഴിയും. പ്രളയം എല്ലാവരെയും ബാധിച്ചില്ല. കോവിഡ് എല്ലാ മേഖലയിലെയും കലാകാരന്മാരെ ബാധിച്ചു. ഇനി കോവിഡ് കാലം കഴിഞ്ഞാലും കലയുടെ തിരിച്ചുവരവിന് കാലമെടുക്കും. വലിയ തയാറെടുപ്പുകളാണ് നാടകത്തിനു വേണ്ടിവരുന്നത്. അത് വ്യർഥമായി. വലിയ നഷ്ടവുമുണ്ടായിട്ടുണ്ട്.
അറിയപ്പെടുന്ന പരിശീലകർ പോലും ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത്തവണ സ്കൂൾ കലോത്സവം ഉണ്ടാകില്ല. അതുകൊണ്ട് നന്മ ഒാൺലൈൻ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഉമേശ് ശാലിയാൻ
'സവാക്' ജില്ല സെക്രട്ടറി,
തുളു അക്കാദമി ചെയർമാൻ കോവിഡ് കാലത്ത് കലാകാരന്മാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിന് ആശ്വാസകരമാണ് സർക്കാറിെൻറ സഹായം. അപേക്ഷിച്ച എല്ലാ കലാകാരന്മാർക്കും 2000 രൂപ സാംസ്കാരിക വകുപ്പ് നൽകിയിട്ടുണ്ട്.
അപേക്ഷിച്ചവർക്കെല്ലാം ഇത് ലഭിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് 3000 രൂപ നൽകിയിട്ടുണ്ട്. ഇത് 5000 രൂപയായി വർധിപ്പിക്കാൻ മന്ത്രി എ.കെ. ബാലന് നിവേദനം നൽകിയിട്ടുണ്ട്. 60 വയസ്സുകഴിഞ്ഞവർക്കുള്ള പെൻഷനും കൃത്യസമയത്ത് അവരുടെ അക്കൗണ്ടിലേക്ക് നൽകുന്നുണ്ട്.
അപേക്ഷിക്കാത്തവർക്ക് സഹായം ലഭിച്ചിട്ടുണ്ടാകില്ല. സഹായം നൽകുന്ന കാര്യം എല്ലാ മാധ്യമങ്ങളിലൂടെയും സർക്കാർ അറിയിച്ചിട്ടുണ്ട്. അപേക്ഷിച്ച് സഹായം ലഭിക്കാത്തവരുടെ കാര്യം പരിഗണിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.