മാസ്ക് ഇനി മാലിന്യമല്ല; പെട്രോളിയം ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്ന് കണ്ടെത്തി ഗവേഷക വിദ്യാർഥികൾ
text_fieldsപെരിന്തൽമണ്ണ (മലപ്പുറം): പുറന്തള്ളുന്ന മാസ്കുകളുപയോഗിച്ച് കാറ്റലൈറ്റിക് ഒാക്സിഡേഷൻ എന്ന സാങ്കേതികവിദ്യയിലൂടെ ഉപയോഗപ്രദമായ പെട്രോളിയം ഉൽപന്നങ്ങളുണ്ടാക്കാമെന്ന് കണ്ടെത്തി രണ്ട് യുവാക്കൾ. പുലാമന്തോൾ ടി.എൻ പുരം ചെട്ടിയാൻ തൊടിയിൽ അലിയുടെയും സൈനബ അലിയുടെയും മകൻ ലബീബ് അലി, തിരൂർ കറ്റിയാത്തിൽ ഹസ്സൻകോയയുടെയും റസീനയുടെയും മകൻ മുഹമ്മദ് ഷാഫി എന്നിവരാണ് പുതിയ സാങ്കേതികവിദ്യയുടെ പിറകിൽ.
യു.എ.ഇയിലെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് സർവകലാശാലയിലെ ആസ്ട്രേലിയൻ പൗരനായ പ്രഫ. മുഹമ്മദ് നൂർ അൽ തരാവ്നെയുടെ കീഴിൽ പിഎച്ച്.ഡി ചെയ്യുന്നവരാണ് കെമിക്കൽ എൻജിനീയർമാരായ ഇരുവരും.
ഗ്യാസ് ക്രോമട്ടോഗ്രഫി മാസ് സ്പെട്രോമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാസ്കുളെ ഉപയോഗപ്രദമായ പെട്രോളിയം ഉൽപന്നങ്ങളാക്കുക. ഇവരുടെ ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധപ്പെടുത്തിയതിന് പിറകെ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്പിരിമെൻറ് വർക്കിന് പുറമെ ഡി.എഫ്.ടി എന്ന കമ്പ്യൂട്ടർ സിമുലേഷൻ ഉപയോഗിച്ച് മാസ്കുകൾ നശിപ്പിക്കുമ്പോൾ അതിലെ പോളിമർ മെറ്റീരിയലുകൾ ഉണ്ടാക്കുന്ന രാസപ്രവർത്തനങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതലായി കാണുന്ന മെത്തിലേറ്റഡ് ബെൻസീൻ ഇനത്തിലെ ഉൽപന്നമാണ് മാസ്കുകളിൽ നിന്ന് ലഭിക്കുന്നത്.
ഇതിലൂടെ മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം. ഇൻസിനറേറ്റർ, പൈറോലിസിസ് എന്നീ തെർമൽ പ്രവർത്തനം വഴി മലിനീകരണം നിയന്ത്രിക്കാനുമാവും. സർജിക്കൽ മാസ്കുകളിലും എൻ -95 മാസ്കുകളിലും കാർബണും ഹൈഡ്രജനുമടങ്ങിയ പോളിപ്രോപ്പിലിൻ എന്ന പോളിമറുണ്ട്.
പോളിയെസ്റ്റർ എന്ന പോളിമറാണ് ഇവയുടെ ഇയർ സ്ട്രാപ്പുകളിൽ. ഇവയെ ഡീഗ്രേഡ് ചെയ്യാൻ 330 മുതൽ 480 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്. ഇവയെ നശിപ്പിക്കാനുള്ള തെർമോ കൈനറ്റിക് പാരമെറ്റേഴ്സും പഠനത്തിലുണ്ട്. ഇതിലൂടെ ആവശ്യമായ റിയാക്ടറുകളും നിർമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.