ഒറ്റക്ക് താമസിക്കുന്ന വനിത ഡോക്ടറുടെ വീട്ടിൽ കവർച്ച; മുഖ്യ സൂത്രധാരൻ രണ്ടു വർഷത്തിനു ശേഷം പിടിയിൽ
text_fieldsചെങ്ങമനാട്: ഒറ്റക്ക് താമസിക്കുന്ന വനിത ഡോക്ടുടെ വീട്ടിലെത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന കുപ്രസിദ്ധ കവർച്ച സംഘത്തിലെ മുഖ്യ സൂത്രധാരൻ രണ്ടര വർഷത്തിന് ശേഷം പൊലിസ് പിടിയിൽ. തേനി ടി.ടി.വി ദിനകരൻ നഗർ സ്വദേശിയായ ഭഗവതിയാണ് (47) ജില്ല റൂറൽ എസ്.പി കെ. കാർത്തികിന്‍റെ നേതൃത്വത്തിലുള്ള പൊലീസിന്‍റെ വലയിലായത്. ശാസ്ത്രീയമായി അന്വേഷണം നടത്തി നാടകീയമായാണ് പ്രതിയെ പൊലീസ് വലയിൽ വീഴ്ത്തിയത്. കൂട്ടുപ്രതികളായ രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.
2019 ഫെബ്രുവരി 16നാണ് കവർച്ച നടന്നത്. അത്താണി കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് സമീപം താമസിക്കുന്ന ഡോക്ടറുടെ വീട്ടിലെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 57 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ലേസും, 79000 രൂപയുമാണ് സംഘം കവർച്ച നടത്തിയത്. സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജീവൻ തിരിച്ചു കിട്ടിയ ഡോക്ടർ രാവിലെ സമീപവാസികളെയും ചെങ്ങമനാട് പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
മോഷണ സ്വഭാവം മനസ്സിലാക്കിയ പൊലീസ് പ്രതികൾ അന്തർ സംസ്ഥാനത്തുള്ളവരാണെന്ന് മനസിലാക്കി ശാസ്ത്രീയമായി അന്വേഷണത്തിലൂടെ മാസങ്ങൾക്കകം കൂട്ടുപ്രതികളായ സുന്ദരരാജ്, ജെയ്സൻ എന്നിവരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെ മുഖ്യ സൂത്രധാരനായ ഭഗവതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അന്വേഷണത്തിന് കാലതാമസം നേരിട്ടതോടെ പ്രതി രക്ഷപ്പെട്ടുവെന്ന് കരുതിയിരിക്കവെയാണ് കഴിഞ്ഞ ദിവസം നാടകീയമായി കൊടുങ്ങല്ലൂരിൽ നിന്ന് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ കവർച്ച മുതലുകൾ സംബന്ധിച്ചും, സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.