മെഡിക്കൽ പി.ജിയിലെ സംവരണ അട്ടിമറി നഴ്സിങ് പി.ജി കോഴ്സിേലക്കും
text_fieldsമെഡിക്കൽ പി.ജിയിലെ സംവരണ അട്ടിമറി
നഴ്സിങ് പി.ജി കോഴ്സിേലക്കും
കെ. നൗഫൽ
തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിേലതിന് സമാനമായ സംവരണ അട്ടിമറി എം.എസ്സി നഴ്സിങ് കോഴ്സിലും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള (എസ്.ഇ.ബി.സി) ആകെ സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയും മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് അനുവദിച്ചുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീറ്റ് വിഹിതം നിശ്ചയിച്ചത്.
30 ശതമാനം സീറ്റിന് അർഹതയുള്ള എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് മെഡിക്കൽ പി.ജി കോഴ്സിൽ ഒമ്പത് ശതമാനം മാത്രം സംവരണം അനുവദിച്ച പ്രശ്നത്തിൽ പിന്നാക്കവിഭാഗ കമീഷൻ ഇടപെടുകയും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സമാനമായ സംവരണ അട്ടിമറിക്കാണ് എം.എസ്സി നഴ്സിങ് കോഴ്സിലും വഴിതുറന്നത്.
സർക്കാർ നഴ്സിങ് കോളജുകളിൽ അധികമായി അനുവദിച്ച സീറ്റ് ഉൾപ്പെടെ 143 പി.ജി സീറ്റുകളാണുള്ളത്. ഇതിൽ 66 ശതമാനം സ്റ്റേറ്റ് മെറിറ്റ് എന്ന നിലയിൽ 88 സീറ്റാണുള്ളത്. എസ്.സി വിഭാഗത്തിന് എട്ട് ശതമാനം സംവരണത്തിൽ 11 ഉം എസ്.ടി വിഭാഗത്തിന് രണ്ട് ശതമാനത്തിൽ രണ്ടും സീറ്റാണ് നീക്കിവെച്ചത്.
ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യൻ തുടങ്ങിയ വിഭാഗങ്ങളടങ്ങിയ എസ്.ഇ.ബി.സിക്ക് ആകെ ഒമ്പത് ശതമാനം എന്ന നിലയിൽ 10 സീറ്റും നീക്കിവെച്ചപ്പോൾ പത്ത് ശതമാനം എന്ന നിലയിൽ മുന്നാക്ക സംവരണത്തിന് പ്രത്യേകമായി 13 സീറ്റും അനുവദിച്ചു.
ഏറ്റവും ഉയർന്ന സംവരണം മുന്നാക്ക വിഭാഗത്തിനാണ്.
സർവിസ് ക്വോട്ടയിൽ 13 സീറ്റും ഭിന്നശേഷി സംവരണത്തിൽ ആറ് സീറ്റും നീക്കിവെച്ചിട്ടുണ്ട്. എം.ബി.ബി.എസ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിൽ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാണ്.
ഇത് മെഡിക്കൽ പി.ജി കോഴ്സുകളിൽ ഒമ്പത് ശതമാനം മാത്രമാക്കിയത് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കില്ലെന്ന് പിന്നാക്ക വികസനവകുപ്പ് ഡയറക്ടർ സർക്കാറിനെ അറിയിച്ചതിനെതുടർന്നാണ് വിഷയം പിന്നാക്ക വിഭാഗ കമീഷെൻറ പരിഗണനക്ക് വിട്ടത്. ഇതിന് പിന്നാലെയാണ് എം.എസ്സി നഴ്സിങ് കോഴ്സിലും സമാനമായ സംവരണ അട്ടിമറിക്ക് കളമൊരുങ്ങുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച സീറ്റ് വിഭജനപ്രകാരമുള്ള ആദ്യ അലോട്ട്മെൻറ് ഇൗ മാസം ഏഴിന് പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിക്കും.
മെഡിക്കൽ പി.ജിയിലെ സംവരണ അട്ടിമറി പിന്നാക്ക വിഭാഗ കമീഷൻ പരിഗണിക്കുന്ന സാഹചര്യത്തിൽ സമാന പ്രശ്നമുള്ള എം.എസ്സി നഴ്സിങ് അലോട്ട്മെൻറ് മാറ്റിവെക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള മറ്റ് ചില കോഴ്സുകളിലും എസ്.ഇ.ബി.സി സംവരണം 30 ശതമാനത്തിന് പകരം ഒമ്പത് ശതമാനമാക്കി ചുരുക്കിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.