'മന്ത്രിയാക്കിയത് എ.കെ.ജി സെന്‍ററിൽ നിന്നായിരിക്കാം, പക്ഷേ നിലത്തിറക്കിയത് കേരള ജനതയാണ്'
text_fieldsകോഴിക്കോട്: എല്ലാ ധാർമ്മികതയും കാറ്റിൽ പറത്തി അധികാരക്കസേരയിൽ അവസാനം വരെയും പിടിച്ചുതൂങ്ങാൻ ശ്രമിച്ച കെ.ടി. ജലീലിനെ ഒടുവിൽ മുഖ്യമന്ത്രിയും മുന്നണിയും ഒരു നിലയ്ക്കും സംരക്ഷിക്കാൻ കഴിയാതെ കയ്യൊഴിഞ്ഞതിന്‍റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ രാജിയെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ജലീലിനെ മന്ത്രിയാക്കിയത് എ.കെ.ജി സെന്‍ററിൽ നിന്നായിരിക്കാം, പക്ഷേ ഇപ്പോൾ നിലത്തിറക്കിയത് കേരള ജനതയാണെന്നും മുനീർ പറഞ്ഞു.
ഇക്കാലമത്രയും പ്രതിപക്ഷം അക്കമിട്ട് നിരത്തിയ ആരോപണങ്ങളൊക്കെയും വെറും ഉണ്ടയില്ലാ വെടികളാണെന്നും 'സത്യം മാത്രമേ' ജയിക്കൂ എന്നും പറഞ്ഞ് പ്രതിരോധിച്ചു പോന്ന അദ്ദേഹത്തിന് ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ നാണം കെട്ട് ഇറങ്ങേണ്ടി വന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞത് കൊണ്ടാണ്. ചുരുക്കത്തിൽ രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വർധിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ഇടതുമുന്നണിക്കോ ജലീലിനോ ഉണ്ടായിട്ടില്ല.
പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും ഇ.പി. ജയരാജന് പോലും കിട്ടാതിരുന്ന പരിരക്ഷയാണ് മുഖ്യന്ത്രി ജലീലിന് നൽകിപ്പോന്നത്. സി.പി.എമ്മിന്‍റെ മെമ്പർഷിപ്പ് പോലുമില്ലാത്ത ഒരാൾക്ക് ഭരണത്തിൽ കിട്ടിയ പ്രിവിലേജ് അധികാരത്തിന്‍റെ ഇടനാഴികയിൽ ഓരോ അവിശുദ്ധ ഇടപാടുകൾക്കും പിന്നിൽ ജലീലിന് ഉണ്ടായിരുന്ന പങ്ക് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന്‍റെ അമർഷം മുന്നണിയിലും പാർട്ടിയിലും ഉയർന്നിട്ടും അവസാന നിമിഷം വരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു പോന്ന ജലീലിന്‍റെ ഇപ്പോഴത്തെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ വലിയ തിരിച്ചടിയാണെന്നും എം.കെ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.