വിദ്യാരംഭ ദിനങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
text_fieldsതിരുവനന്തപുരം: പൂജവെപ്പ്, വിദ്യാരംഭം ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഒരുമിച്ചുള്ള ആള്‍ക്കൂട്ടങ്ങളില്‍ കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ്. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തില്‍ പൂജവയ്പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.
വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ്.
വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓര്‍ക്കുക. അതിനാല്‍ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്. ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.