വർഗീയ ഉള്ളടക്കം സിലബസിൽ വരുന്നത് നല്ലതല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദത്തിൽ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട് സർവകലാശാല വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്. വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും. വർഗീയ ഉള്ളടക്കം സിലബസിൽ വരുന്നത് നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു.
വിശദീകരണം കിട്ടുന്നമുറക്ക് ഇക്കാര്യത്തിൽ മറുപടി നൽകാം. വിദ്യാർഥികൾക്ക് സിലബസനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങാത്തതിനാൽ ഇത് ഇപ്പോൾ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ ഉൾപ്പടെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സിലബസ് വിവാദത്തിൽ പ്രതിഷേധവുമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർ യൂനിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കണ്ണൂർ സർവകലാശാലയിലെ പുസ്തകവിവാദത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർവകലാശാലയുടെ പി.ജി സിലബസ് പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഗോൾവാൾക്കറും സവർക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുേമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന് വിദ്യാർഥികൾ മനസിലാക്കണം. അതിനായാണ് സിലബസിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ് ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്മഗാന്ധി, ജവഹർലാൽ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ് ഗോൾവാൾക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.
എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങൾ ഉള്ളത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന ആക്ഷേപവും സിലബസിനെതിരെ ഉയർന്നിരുന്നു. ഗവേണൻസ് മുഖ്യഘടകമായ കോഴ്സിൽ സിലബസ് നിർമിച്ച അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തിൽ വേണ്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.