റേഷൻ വിതരണം അവതാളത്തിലായെന്ന വാദം തള്ളി മന്ത്രി
text_fieldsതിരുവനന്തപുരം: റേഷൻ സാധനങ്ങൾ എത്തിക്കുന്ന കരാറുകാരുടെ പണിമുടക്കിനെ തുടർന്ന് റേഷൻ വിതരണം താറുമാറായെന്ന വാദം തള്ളി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങൾക്ക് ഭക്ഷ്യധാന്യം കിട്ടുന്നതിന് തടസ്സം നേരിടുന്നു എന്ന നിലയിലുള്ള ഭീതിജനകമായ വാർത്തകളാണ് വന്നത്.
ഒക്ടോബറിൽ 21,58,213 കാർഡ് ഉടമകൾ മറ്റു കടകളിൽനിന്ന് പോർട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങിയിട്ടുണ്ട്. നവംബറിൽ 21,62,451 പേരും ഡിസംബറിൽ 21,90,680 പേരും പോർട്ടബിലിറ്റി ഉപയോഗിച്ചു. ചൊവ്വാഴ്ച 3,62,000 കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ട്. ദിവസവും മൂന്നര ലക്ഷത്തോളം പേർ വാങ്ങുന്നു.
സമരം റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ല. ചെറിയ വിഭാഗമാണ് പണിമുടക്കിലേക്ക് വന്നത്. ഒന്നര മാസത്തെ കുടിശ്ശികയുടെ പേരിൽ സമരത്തിലേക്ക് പോകുന്നത് ശരിയാണോ എന്നത് ആലോചിക്കണമെന്ന് അവരോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച കുടിശ്ശിക തുക അനുവദിക്കുമെന്ന ഉറപ്പ് കേൾക്കാതെയാണ് സമരത്തിലേക്ക് പോയത്. ചൊവ്വാഴ്ച അവർക്ക് അക്കൗണ്ടിൽ പണമെത്തി. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചെന്നും കരാറുകാർ സമരം പിൻവലിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
വിതരണച്ചെലവ് 252 കോടി; കേന്ദ്രം തരുന്നത് 32.4 കോടി
തിരുവനന്തപുരം: കേരളത്തിൽ റേഷൻ സാധനങ്ങളുടെ വാതിൽപടി വിതരണത്തിന് പ്രതിവർഷം 252 കോടി രൂപ ചെലവഴിക്കുന്നതിൽ 32.4 കോടി മാത്രമാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. ഒരു ക്വിന്റൽ അരിയുടെ ട്രാൻസ്പോർട്ടഷേന് കേന്ദ്രം നിശ്ചയിച്ചത് 65 രൂപയാണ്. ഇതിൽ 32.5 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നത്. കേരളത്തിൽ ക്വിന്റലിന് ചെലവാകുന്നത് 145 രൂപയാണ്. കേന്ദ്രം നൽകുന്ന തുക കഴിച്ചുള്ള 112.5 രൂപ സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. വാതിൽപ്പടി വിതരണത്തിനായി കരാറുകാർക്ക് ഒരുമാസം നൽകുന്ന ശരാശരി തുക 16 കോടിയാണ്. ഇതിൽ 2.7 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നത്.
ഗോഡൗൺ ചെലവിനായി 2.65 കോടിയും ജീവനക്കാരുടെ ശമ്പളച്ചെലവിനായി 2.30 കോടി രൂപയും ചെലവഴിക്കുന്നു. ഇതെല്ലാം ചേർത്ത് സംസ്ഥാന സർക്കാർ വിതരണത്തിനായി പ്രതിമാസം 21 കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.