വനമേഖലയിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി പറയാൻ കഴിയില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം : വനമേഖലയിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി പറയാൻ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, പുള്ളിമാൻ എന്നിവയുടെ 2011 ലും, വരയാടുകളുടെ 2022 ലും, ആനകളുടെ 2017 ലും കടുവകളുടെ 2018 ലുമാണ് അവസാനമായി കണക്കെടുപ്പ് നടത്തി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2022 ൽ കടുവകളുടെ പോപ്പുലേഷൻ എസ്റ്റിമേറ്റ് നടത്തിയിരുന്നുവെങ്കിലും റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2018ലെ സെൻസസ് പ്രകാരം 190 കടുവകൾ ഉണ്ടെന്നാണ് കണക്ക്. കണക്കെടുപ്പുകൾ പ്രകാരം മൂന്നാർ പ്രദേശത്ത് 139 വരെയാടുകൾ ആണുള്ളത്. 2011ലെ കണക്ക് പ്രകാരം കാട്ടുപോത്ത് - 17860 മ്ലാവ് -32148 കാട്ടുപന്നി -48034 പുള്ളിമാൻ 11398 എന്നിങ്ങനെയാണ്.
വനം-പരിസ്ഥിതി മന്ത്രാലയവും, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അംഗീകരിച്ച രീതികൾ അവലംബിച്ചാണ് വന്യജീവികളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ജീവികൾക്ക് വ്യത്യസ്ത രീതികളാണ് കണക്കെടുപ്പിനായി അവലംബിച്ചു വരുന്നത്. ഒരിനത്തിൽപ്പെട്ട വന്യമൃഗത്തിന്റെ ഏകദേശ എണ്ണമാണ് ഈ രീതിയിലൂടെ കണ്ടെത്താൻ സാധിക്കുന്നത്. കണക്കെടുപ്പ് നടത്തുന്ന സീസൺ, കണക്കെടുപ്പിന് അവലംബിച്ച രീതി (നേരിട്ട് എണ്ണുന്നത്-നേരിട്ടല്ലാതെയുള്ള ഖമക്കെടുപ്പ്) കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഓരോ മേഖലയിലും കാണപ്പെടുന്ന വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനാൽ വനമേഖലയിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി പറയാൻ കഴിയില്ല.
ആനകളുടെ കണക്കെടുപ്പ് അവസാനമായി നടത്തിയത് 2017 ലാണ്. 5706 ആനകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. 2017-08 സംസ്ഥാനത്തെ വനമേഖലയിൽ ആനകളുടെ കണക്കെടുപ്പിൽ ബ്ലോക്ക് കൗണ്ട് (നേരിട്ടുള്ള കണക്കെടുപ്പ് ) രീതിയാണ് ഉപയോഗിച്ചത്. ഈ കണക്കെടുപ്പിൽ ഏകദേശം 3322 ആനകളും ഡങ് കൗണ്ട് (നേരിട്ടല്ലാതെയുള്ള) രീതിയിൽ ഏകദേശം 5706 ആനകളെയും കണ്ടെത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് സംസ്ഥാനത്തെ വനമേഖലയിലുളള ആനകളുടെ കണക്കെടുപ്പ് നടത്തുന്നത്. അതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും വ്യത്യസ്തമായൊരു കണക്ക് സംസ്ഥാന സർക്കാരിനില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.