നായ കടി കുറഞ്ഞെന്ന് മന്ത്രി; ഒക്ടോബറിൽ 7542 ആയി കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കുറഞ്ഞതായി മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബറിൽ സംസ്ഥാനത്താകെ 8355 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഒക്ടോബറിൽ ഇത് 7542 ആയി കുറഞ്ഞു. ഇതുവരെ തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് 24 പേരാണ് മരിച്ചത്. ഇതിൽ ആറുപേർ മാത്രമാണ് വാക്സിൻ എടുത്തത്. വാക്സിന് ഗുണനിലവാരമുണ്ടെന്ന് കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിലും വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏപ്രിൽ മുതൽ ഇതുവരെ 9001 നായ്‍ക്കളെയാണ് എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരിച്ചത്. വിപുല കാമ്പയിൻ തുടങ്ങിയ സെപ്റ്റംബർമുതൽ നവംബർവരെ 3285 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. സംസ്ഥാനത്താകെ 18 കേന്ദ്രങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്. 37 എണ്ണം കൂടി ആരംഭിക്കും. കുടുംബശ്രീക്കാണ് നേരത്തേ വന്ധ്യംകരണ ചുമതലയുണ്ടായിരുന്നത്. കോടതി ഉത്തരവിനെ തുടർന്ന് രണ്ടുവർഷമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്. ഇതാണ് തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കാനിടയാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാക്സിൻ ക്ഷാമമില്ല, 5.34 ലക്ഷം ഡോസ് ബാക്കി
2022- 23ലേക്ക് 10,06,960 ഡോസ് പേവിഷ വാക്സിനാണ് സംഭരിച്ചത്. ഇതിൽ 4,72,608 ഡോസ് ചെലവഴിച്ചു. ഇനി 5,34, 352 ഡോസുകൾ ബാക്കിയുണ്ട്. 2022 സെപ്റ്റംബർ 20 മുതലാണ് തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ 11,651 തെരുവുനായ്ക്കൾക്കാണ് കുത്തിവെപ്പ് നൽകിയത്. 3,38,938 വളർത്തുനായ്ക്കൾക്കും സെപ്റ്റംബർ ഒന്നിനുശേഷം വാക്സിൻ നൽകി. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി കേന്ദ്ര പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇതിനുള്ള വാക്സിൻ വാങ്ങുന്നതെന്നും മന്ത്രി ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.