കേരള സെനറ്റ് യോഗം: അധ്യക്ഷ പദവി ക്രമവിരുദ്ധം, മന്ത്രി ബിന്ദുവിനെ പ്രതിക്കൂട്ടിലാക്കി വി.സിയുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചേർന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിലുണ്ടായ സംഭവങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ പ്രതിക്കൂട്ടിലാക്കി ഗവർണർക്ക് വി.സിയുടെ റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തിയാണ് വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് കൈമാറിയത്. വി.സിക്ക് പകരം മന്ത്രി അധ്യക്ഷ പദവി ഏറ്റെടുത്തത് ഉൾപ്പെടെ പ്രശ്നങ്ങൾ വിവരിച്ചാണ് റിപ്പോർട്ട്. മന്ത്രി അധ്യക്ഷ പദവി ഏറ്റെടുത്തത് ക്രമവിരുദ്ധമാണെന്ന നിരീക്ഷണവും വി.സിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായാണ് വിവരം. വി.സി എന്ന നിലയിൽ താൻ വിളിച്ച യോഗത്തിലേക്ക് മുന്‍കൂട്ടി അറിയിക്കാതെ മന്ത്രി എത്തി അധ്യക്ഷയെന്ന നിലയില്‍ നിയന്ത്രണം ഏറ്റെടുത്തെന്നും വി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. യോഗ ഹാളിലെത്തിയപ്പോഴാണ് മന്ത്രിയെ കണ്ടത്.
വി.സിയാണ് യോഗത്തിൽ അധ്യക്ഷതവഹിക്കേണ്ടതെന്ന് അറിയിച്ചപ്പോൾ ചാന്‍സലറുടെ അഭാവത്തില്‍ സെനറ്റില്‍ അധ്യക്ഷതവഹിക്കാന്‍ പ്രോ-ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. പിന്നീട് അജണ്ടയില്‍ ഇല്ലാത്ത പ്രമേയം ഭരണപക്ഷാംഗങ്ങള്‍ അവതരിപ്പിച്ചു. മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം അതു പാസാക്കി. ബഹളത്തിനിടയില്‍ വി.സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയിലേക്ക് രണ്ടു പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍, സെനറ്റില്‍ അതു പരിഗണിക്കപ്പെടുകയോ ചര്‍ച്ച നടക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.ഡി.എഫ് അംഗങ്ങൾ നിർദേശിച്ച കാലടി സർവകലാശാല മുൻ വി.സി ഡോ. എം.സി. ദിലീപ്കുമാറിന്റെയും ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി സെനറ്റംഗങ്ങൾ നിർദേശിച്ച ആരോഗ്യ സർവകലാശാല മുൻ വി.സി ഡോ. എം.കെ.സി. നായരുടെയും പേരുകൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ വി.സി ഡോ. മോഹനൻ കുന്നുമ്മൽ തയാറായില്ല. വി.സിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും സെനറ്റ് യോഗനടപടികളിൽ ഗവർണർ തീരുമാനമെടുക്കുക. സെനറ്റ് യോഗതീരുമാനം റദ്ദാക്കാനും പ്രതിനിധിയെ തെരഞ്ഞെടുക്കാൻ പ്രത്യേക സെനറ്റ് യോഗം വീണ്ടും വിളിക്കാൻ വി.സിക്ക് നിർദേശം നൽകാനുമാണ് സാധ്യത. ഇതിനു പുറമെ, ചാൻസലറുടെ അനുമതിയില്ലാതെ യോഗത്തിൽ അധ്യക്ഷതവഹിക്കരുതെന്ന് പ്രോ-ചാൻസലറായ മന്ത്രിക്ക് നിർദേശവും നൽകിയേക്കും.
അധ്യക്ഷയായത് നിയമപ്രകാരം -മന്ത്രി ബിന്ദു
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത് ഗവർണറും അദ്ദേഹം നിയമിച്ച വി.സിയും ആലോചിച്ച് തീരുമാനിച്ച കാര്യങ്ങളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ചാൻസലർ എന്ത് പറയുന്നോ അത് ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്നയാളാണ് വി.സിയുടെ ചുമതലയിലുള്ളയാൾ. ചാൻസലറുടെ അഭാവത്തിൽ പ്രോ-ചാൻസലർക്ക് ചുമതലകൾ നിർവഹിക്കാമെന്ന് സർവകലാശാല നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ചുമതല നിർവഹിക്കാൻ ചാൻസലർ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ല. ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ചാൻസലർ പരിശോധിക്കട്ടെയെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങൾ പ്രമേയം കൊണ്ടുവന്നപ്പോൾ വി.സി എഴുന്നേറ്റുനിന്ന് രണ്ട് പേരുകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് വായിക്കുകയായിരുന്നു. ആ രണ്ട് പേരുകൾ അദ്ദേഹം ഗവർണറെ അറിയിച്ചെന്നാണ് മാധ്യമവാർത്ത. ആരും നിർദേശിക്കാതെ അധ്യക്ഷ വേദിയിലിരുന്ന് വി.സി തന്നെയാണ് രണ്ട് പേരുകൾ വിളിച്ചുപറഞ്ഞത്. ഭൂരിപക്ഷം അംഗങ്ങൾ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാൽ ജനാധിപത്യബോധമുള്ള അധ്യക്ഷന്‍ അത് നിരസിക്കാൻ കഴിയില്ല. സെനറ്റ് യോഗ നടപടി റദ്ദാക്കിയാൽ ആ ഘട്ടത്തിൽ ആലോചിക്കാം. ആക്ടിലെ കാര്യങ്ങൾ പറഞ്ഞാണല്ലോ കുറെ വി.സിമാരുടെ നിയമനം റദ്ദാക്കാൻ ശ്രമിച്ചത്. വീണ്ടും ഇതെ ആക്ടിലെ കാര്യങ്ങൾ പറഞ്ഞ് സെനറ്റ് യോഗം വിളിക്കുന്നതിൽ വൈരുധ്യമുണ്ട്. സെനറ്റ് യോഗത്തിലേക്ക് പ്രോ-ചാൻസലർ എന്ന നിലയിൽ ഔദ്യോഗിക ക്ഷണം ലഭിച്ചശേഷമാണ് പോയത്. അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സർവകലാശാല നിയമവും പ്രോട്ടോകോളും അനുസരിച്ചാണ്. വി.സി നിയമന നടപടികളിൽ സർവകലാശാല ആക്ടിലും യു.ജി.സി റെഗുലേഷനിലും നിലനിൽക്കുന്ന വൈരുധ്യം സംബന്ധിച്ച് വ്യക്തത വരുത്താൻ നിയമവഴി തേടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.