ന്യൂനപക്ഷം സി.പി.എമ്മിനെ കൈവിട്ടു
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീതി പിടിച്ചുപറ്റാമെന്ന സി.പി.എമ്മിന്റെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. മുസ്ലിം സമുദായത്തിൽനിന്ന് നേരത്തേ നിരുപാധിക പിന്തുണ ലഭിച്ചവരുടെ വോട്ട് സമാഹരിക്കാൻ പോലും ഇത്തവണ സി.പി.എമ്മിനായില്ല. സാമുദായിക ബന്ധമുള്ള ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിൽ ശക്തമായ പ്രതികരണം നടത്തുകയും സംസ്ഥാന ഭരണത്തിൽ മുസ്ലിം വികാരം മാനിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടിനെതിരായ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
പല വിഷയങ്ങളിലും സമുദായത്തെ സംശയമുനയിൽ നിർത്തിയ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നതായി തെരഞ്ഞെടുപ്പ് ഫലം. സമസ്തയും മുസ്ലിം ലീഗും തമ്മിലെ പ്രശ്നങ്ങളിൽ മുതലെടുപ്പിനുള്ള പാർട്ടി ശ്രമം ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നാണ് പൊന്നാനിയിലെ അബ്ദുസ്സമദ് സമദാനിയുടെ ഭൂരിപക്ഷം വ്യക്തമാക്കുന്നത്. വടകരയിൽ കോൺഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെ വർഗീയ കാർഡിറക്കി നേരിടാൻ ശ്രമിച്ചതും കോഴിക്കോട് എം.കെ. രാഘവനെ നേരിടാൻ ന്യൂനപക്ഷ കാർഡിറക്കി എളമരം കരീമിനെ അവതരിപ്പിച്ചതും സമുദായം തിരസ്കരിച്ചു. കോഴിക്കോട് 36 ശതമാനവും വടകരയിൽ 32 ശതമാനവും മുസ്ലിം വോട്ടാണ്.
ഷാഫിയുടെ മാസ് എൻട്രി വടകരയിലുണ്ടാക്കിയ ഓളത്തിന്റെ വെപ്രാളത്തിൽ സി.പി.എം പിന്നീട് ചെയ്തുകൂട്ടിയതെല്ലാം ആത്മഹത്യാപരമായിരുന്നു. സമൂഹ മാധ്യമങ്ങളിലെ നാഥനില്ലാത്ത അശ്ലീലത നിറഞ്ഞ പോസ്റ്ററുകൾക്കും ‘കാഫിർ’ പോസ്റ്റുകൾക്കും മലബാറിലുടനീളം സി.പി.എം കനത്ത വില നൽകേണ്ടിവന്നു.
പൊന്നാനിയിൽ ലീഗ് പുറത്താക്കിയ കെ.എസ്. ഹംസയെ സ്ഥാനാർഥിയാക്കിയത് സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ട് ലക്ഷ്യമിട്ടായിരുന്നെങ്കിലും ആ ശ്രമം അമ്പേ പരാജയപ്പെട്ടു. സമദാനിയുടെ വൻ ഭൂരിപക്ഷം സമസ്തയിലെ ശത്രുക്കൾക്ക് ലീഗ് കൊടുത്ത കനത്ത പ്രഹരമായി. സമസ്തയിലെ ലീഗ് വിരുദ്ധരുടെ പ്രവർത്തനം പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിൽ ഒരുതരത്തിലുള്ള അനുരണനങ്ങളുമുണ്ടാക്കിയില്ല.
വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സുന്നി കാന്തപുരം വിഭാഗം ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇരു മുന്നണികൾക്കുമായി പ്രവർത്തകരുടെ വോട്ട് വീതംവെക്കപ്പെട്ടു. പ്രത്യക്ഷ നിലപാട് സ്വീകരിച്ചില്ലെങ്കിലും മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിനായിരുന്നു.
സമുദായ സ്വാധീനമുള്ള ഒറ്റ മണ്ഡലത്തിലും എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, യു.ഡി.എഫ് വൻ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന ആക്ഷേപം സമുദായത്തിനകത്ത് ശക്തമായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സമുദായത്തിൽനിന്ന് തീർത്തും അകന്നു. കോർപറേഷനുകളുടെ തലപ്പത്തുനിന്ന് സമുദായം മാറ്റിനിർത്തപ്പെട്ടു. സംവരണ, സ്കോളർഷിപ് വിഷയങ്ങളിൽ സാമുദായിക സംഘടനകളുടെ ആവശ്യങ്ങൾ നിരാകരിച്ചു.
ആഭ്യന്തര വകുപ്പിനെതിരെയും വ്യാപക പരാതികളാണുയർന്നത്. സി.പി.എം കൂടി പിന്തുണച്ച സി.എ.എ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത വിഷയത്തിൽ പാർട്ടിയുടെ ആത്മാർഥത ചോദ്യം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന്റെ നിലപാടും പ്രതികൾക്ക് അനുകൂലമായ കോടതിവിധിയും സമുദായ വോട്ടുകളെ സ്വാധീനിച്ചു. ഈരാറ്റുപേട്ടയിൽ മുസ്ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് കേസിലകപ്പെടുത്തിയതും അതിനെ ഔദ്യോഗിക യോഗത്തിൽ വിമർശിച്ച ഡോ. ഹുസൈൻ മടവൂരിനെ മുഖ്യമന്ത്രി അപമാനിച്ചതും സമുദായത്തിനകത്ത് സർക്കാറിനെതിരായ വികാരം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.