കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും വയനാട്ടിലെത്തിച്ചു; ബന്ധുവീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് മാതാവ്
text_fieldsകൽപറ്റ: വയനാട്ടിൽ നിന്ന് നാലു ദിവസമായി കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും തിരികെ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പൊലീസ് കൽപറ്റയിലെത്തിച്ചത്. ബന്ധുവീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ കൽപറ്റ ‘സ്നേഹിത’യിലേക്ക് മാറ്റി. ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ‘സ്നേഹിത’യിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ കുടുംബത്തെയാണ് ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 19ന് വൈകീട്ടാണ് ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ അമ്മയെയും 12, 11, 9, 5, 4 വയസുള്ള മക്കളെയും കാണാതായത്. എന്നാൽ, ഇവർ ചേളാരിയിലെ വീട്ടിൽ എത്തിയില്ല. അതോടെ യുവതിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ കമ്പളക്കാട് പൊലീസിൽ ചൊവാഴ്ച പരാതി നൽകി.
കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതിനിടെ യുവതിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രമിച്ച പൊലീസിന് ഒടുവിലെ സിഗ്നൽ ഫറോക്കിൽ നിന്നാണെന്ന സൂചന ലഭിച്ചു. അതോടെ കമ്പളക്കാട് പൊലീസ് ഭർത്താവിനെയും കൂട്ടി കോഴിക്കോടേക്ക് പുറപ്പെട്ടു. അതിനിടയിൽ അമ്മയെയും മക്കളെയും കണ്ണൂരിൽ കണ്ടതായും ഷൊർണൂരിൽ കണ്ടതായും അഭ്യൂഹങ്ങൾ പരന്നു.
അതോടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി. കണ്ണൂരിൽ ബുധനാഴ്ച രാത്രി ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെ വ്യാഴാഴ്ച ഉച്ചക്ക് അമ്മയും മക്കളുമടക്കം ആറ് പേരെ ഷൊർണൂരിൽ കണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷൊർണൂരിൽ എത്തിയ യുവതി ബന്ധുവിന്റെ കൈയിൽ നിന്ന് കുറച്ചു രൂപ കടം വാങ്ങിയതായി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രിയോടെ ഗുരുവായൂർ അമ്പലത്തിൽവെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയേയും കുട്ടികളെയും പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.