പൊലീസ് അന്വേഷിച്ച വഴികൾ
text_fieldsതിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണ മികവിന് കൂടിയുള്ള പൊൻതൂവലായി കോടതി വിധി. കേസിന്റെ ഗൗരവം മനസ്സിലാക്കിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ എ.ഡി.ജി.പി വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കൊലപാതകത്തിന്റെ തൊട്ടടുത്ത നാളുകളിൽതന്നെ രൂപവത്കരിച്ചു.
ആദ്യഘട്ടത്തിൽ തന്നെ അന്വേഷണത്തിന്റെ വിവരങ്ങള്‍ പൊലീസില്‍നിന്നുതന്നെ ചോര്‍ന്നത് കൊലയാളികൾക്ക് രക്ഷപ്പെടാനും ആയുധങ്ങൾ ഒളിപ്പിക്കാനും സഹായമായി. ഇതോടെ, രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണസംഘത്തിൽ വേണമെന്ന നിലപാട് വിന്‍സന്റ് പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും അറിയിച്ചു. ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജിയായിരുന്ന അനൂപ് കുരുവിള ജോണിന്റെ മേൽനോട്ടത്തിൽ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ്, തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി, വടകര ഡിവൈ.എസ്.പി ജോസി ചെറിയാന്, കുറ്റ്യാടി സി.ഐ വി.വി. ബെന്നി എന്നിവരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി.
കണ്ണൂര്‍-കോഴിക്കോട് ജില്ലയിലെ ലക്ഷക്കണക്കിന് ഫോണ്‍ കാളുകള്‍ പരിശോധനക്ക് വിധേയമാക്കി. തിരുവനന്തപുരത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലില്‍ പ്രത്യേക വിഭാഗം തന്നെ ഇതിനായി തുറന്നു. ഈ അന്വേഷണത്തിലാണ് സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തനടക്കമുള്ള ചില പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് പ്രതികളുമായുള്ള ബന്ധം മനസ്സിലാകുന്നതും കേസിലെ മുഖ്യപ്രതി കൊടി സുനിയും സംഘവും ജില്ലയിലെ ഏറ്റവും പ്രധാന പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ മുഴക്കുന്ന് മുടക്കോഴി മലയിലുണ്ടെന്ന വിവരം ലഭിക്കുന്നതും.
തുടർന്ന്, ഉന്നത ഉദ്യോഗസ്ഥർ മാത്രം ചേർന്ന് അതിരഹസ്യമായി കൊലയാളി സംഘത്തെ പിടികൂടാനുള്ള വലവിരിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ കൂടാരത്തിലാണ് കൊടിസുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തുകടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും ഉറക്കത്തിലായിരുന്നു. കാലിന് പരിക്കേറ്റ നിലയിലായിരുന്നു സുനി. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം.
ബലപ്രയോഗത്തിലൂടെ ഒരു ഈച്ചപോലുമറിയാതെ സംഘത്തെ കീഴടക്കി പൊലീസ് സൂര്യനുദിക്കും മുമ്പ് മലയിറങ്ങുകയായിരുന്നു. പിന്നീട്, നടത്തിയ തിരച്ചിലില്‍ മൈസൂരുവില്‍നിന്ന് സിജിത്തും മുംബൈ-ഗോവ അതിര്‍ത്തിയില്‍നിന്ന് ടി.കെ. രജീഷും ബംഗളൂരുവില്‍നിന്ന് എം.സി. അനൂപും പിടിയിലായി. ഇവരിലൂടെയായിരുന്നു കുഞ്ഞനന്തനിലേക്ക് പൊലീസെത്തിയത്. പിന്നീട്, ശാസ്ത്രീയ തെളിവുശേഖരണത്തിലൂടെ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിലും അന്വേഷണസംഘം വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.