ഇല്ല, മനുഷ്യസ്നേഹികൾ അവസാനിച്ചിട്ടില്ല...
text_fieldsകോഴിക്കോട്: തമിഴ്നാട്ടിലെ കുഗ്രാമത്തിൽനിന്ന് വൃക്ക രോഗിയായ മകളുടെ ചികിത്സക്കാണ് ആ അമ്മ കോഴിക്കോട് നഗരത്തിലെത്തിയത്. അതിദരിദ്രമായ കുടുംബം. ചികിത്സക്ക് വകയില്ലാതിരുന്ന അവർക്ക് തുണയായത് ഒരുകൂട്ടം മനുഷ്യസ്നേഹികൾ.
പക്ഷേ, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാ കരുതലുകളെയും ബാക്കിയാക്കി ആ പെൺകുട്ടി വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. ജീവനറ്റ മകളുടെ ശരീരവുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ അടയുന്ന ആംബുലൻസിന്റെ വാതിലിലൂടെ അമ്മ ഇത്രകാലം തനിക്കും മകൾക്കും തുണയായി നിന്ന മനുഷ്യരെ കൈകൂപ്പി തൊഴുതു.
ആരോരുമില്ലാതെ വന്നിറങ്ങിയ ഈ നഗരം തിരികെ പോരുമ്പോൾ അത്രയും അവർക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞിരുന്നു. ഇഖ്റ ഹോസ്പിറ്റലിലെ ഫിസിയോ തെറപ്പി വിഭാഗത്തിലെ ഡോ. നജീബ് പങ്കുവെച്ച എഫ്.ബി പോസ്റ്റിലൂടെയാണ് മനുഷ്യസ്നേഹത്തിന്റെ വിസ്മയിപ്പിക്കുന്ന സംഭവം പുറത്തുവന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പാണ് അമ്മയും 30കാരിയായ മകളും മകനും പോണ്ടിച്ചേരിക്കടുത്ത ഗ്രാമത്തിൽനിന്ന് കോഴിക്കോട് വന്നത്. വൃക്കരോഗിയായി മരിച്ച മൂത്തമകളുടെ വിധി അനിയത്തിക്കുമുണ്ടാകരുതെന്ന് കരുതി ആയുർവേദ ചികിത്സ തേടിയായിരുന്നു വരവ്.
ഒരു യാത്രയിൽ പരിചയപ്പെട്ട ഫാബി എന്ന സ്ത്രീ അവർക്ക് തുണയായി. ആ കുടുംബത്തെ ജുവൈരിയ എന്ന സ്ത്രീയും മകൻ ഹാനിയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചരിച്ചു. അവർക്കായി ജെ.എൻ.യു വിദ്യാർഥി ബഷീറും സുഹൃത്ത് യേശുദാസും ഓടിനടന്നു.
അതിനിടയിൽ ഹൃദയാഘാതമുണ്ടായ മകളെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുമുതൽ ഡയാലിസിസിനു വേണ്ട ചെലവുകൾ വഹിച്ചത് അബൂബക്കർ എന്നയാളായിരുന്നു. ചെലവ് താങ്ങാനാവാതെ വന്ന ഘട്ടത്തിൽ ഇഖ്റ ഹോസ്പിറ്റൽ ചികിത്സ പൂർണമായും ഏറ്റെടുത്തു.
ഒടുവിൽ യുവതി മരണത്തിനു മുന്നിൽ പതറിവീണ വിവരമറിഞ്ഞ് ഓടിയെത്തിയ അബൂബക്കറിനെ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു. കോട്ടും സ്യൂട്ടുമിട്ടൊരു 'ബോസിനെ' ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്ന് മെല്ലിച്ച് സാധാരണക്കാരനായ ആ മനുഷ്യനെ കണ്ട് സഹോദരൻ തുറന്നുപറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തുകൊടുത്തത് മനാഫ് എന്ന മറ്റൊരാൾ. മനുഷ്യരെ തമ്മിൽ വെട്ടിയകറ്റുന്ന കാലത്ത് ചേർത്തുപിടിച്ച മനുഷ്യരെ നോക്കി തൊഴുതുമടങ്ങിയ അമ്മയും മകനും ഈ സ്നേഹത്തുരുത്തിലേക്കുതന്നെ തിരികെ വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്. ഇത്തരം 'അത്ഭുത മനുഷ്യർ' എത്തിപ്പെടുന്ന ഇടമാണ് ഇഖ്റ ഹോസ്പിറ്റൽ എന്നു പറഞ്ഞാണ് ഡോ. നജീബ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.