കൂടെ നടന്നവർ തന്നെ ഷാജഹാനെ കൊലപ്പെടുത്തിയെന്ന് മാതാവ്
text_fieldsപാലക്കാട്: കൊല്ലപ്പെട്ട മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന് ആർ.എസ്.എസ്. പ്രവര്‍ത്തകരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. നേരത്തെ സി.പി.എമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബി.ജെ.പിയില്‍ ചേര്‍ന്നവരുമാണ് ഇവര്‍. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ഷാജഹാന്‍റെ ഭാര്യ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
മകനെ കൂടെ നടന്നവർ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും മാതാവ് എസ്. സുലേഖ പറഞ്ഞു. ആഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും വ്യക്തമാക്കി. വീടിനടുത്തുള്ള നവീൻ എന്നയാളാണ് സന്ദേശം അയച്ചതെന്നും മുസ്തഫ പറഞ്ഞു.
ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ എട്ടു പ്രതികളാണുള്ളത്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജുവാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.
കഴിഞ്ഞദിവസം രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആരോപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.