ഇരുചക്ര വാഹനമാണോ അപകടം വിളിപ്പാടകലെയെന്ന് എം.വി.ഡി; ‘മറ്റു വാഹനങ്ങളെപ്പോലെ ‘ജന്മനാൽ’ സന്തുലിതാവസ്ഥയില്ല എന്നതാണ് വെല്ലുവിളി’
text_fieldsകോഴിക്കോട്: ഇരുചക്രവാഹനത്തിെൻറ അപകട സാധ്യത ബോധ്യപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഇതരവാഹനങ്ങളിൽ നിന്നും ഇരുചക്ര വാഹനത്തെ കൂടുതൽ അപകടകരമാക്കുന്ന ഏറ്റവും പ്രധാന ഘടകവും മറ്റു വാഹനങ്ങളെപ്പോലെ ’ജന്മനാൽ’ സന്തുലിതാവസ്ഥയിലല്ല എന്നതു തന്നെയാണെന്ന് എം.വി.ഡി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഒരു സുരക്ഷിതമായ സന്തുലിതാവസ്ഥയിൽ അഥവാ ബാലൻസിൽ ഒരു വാഹനത്തെ താങ്ങിനിർത്താൻ ചുരുങ്ങിയത് മൂന്ന് ചക്രങ്ങളെങ്കിലും അനിവാര്യമാണ്. ഇതാണ് ഇരുചക്ര വാഹനങ്ങൾക്കില്ലാത്തത്. ഇരുചക്രവാഹന യാത്രക്കാർക്ക് മാത്രമായുള്ള പ്രാഥമികവും പരമപ്രധാനവുമായ വെല്ലുവിളി ബാലൻസിംഗാണെന്ന് എം.വി.ഡി ഓർമ്മപ്പെടുത്തുന്നു.
കുറിപ്പ് പൂർണരൂപത്തിൽ:
ഇരുമെയ്യാണെങ്കിലും….3.O
ഒരു സുരക്ഷിതമായ സന്തുലിതാവസ്ഥയിൽ അഥവാ ബാലൻസിൽ ഒരു വാഹനത്തെ താങ്ങിനിർത്താൻ ചുരുങ്ങിയത് മൂന്ന് ചക്രങ്ങളെങ്കിലും അനിവാര്യമാണ്. ഇതരവാഹനങ്ങളിൽ നിന്നും ഇരുചക്ര വാഹനത്തെ കൂടുതൽ അപകടകരമാക്കുന്ന ഏറ്റവും പ്രധാന ഘടകവും മറ്റു വാഹനങ്ങളെപ്പോലെ 'ജന്മനാൽ' സന്തുലിതാവസ്ഥയിലല്ല എന്നതു തന്നെയാണ്....!! ഇരുചക്രവാഹനങ്ങൾക്ക് ഏതവസ്ഥയിലും ഒരു ‘കൈത്താങ്ങ്‘ - a wheel or a Stand or a human effort or something else - ഒഴിവാക്കാനാവാത്ത ഒന്നാണ് എന്നത് അമിതാവേശത്താലോ ആശങ്കയാലോ നാമെല്ലാവരും, വിശിഷ്യാ നമ്മുടെ യുവത്വം ഓർമ്മിക്കുന്നതേയില്ല.
പ്രയാണവേളയിൽ ഒരു ഇരുചക്രവാഹനത്തെ ബാലൻസ് ചെയ്യിക്കുന്നത് പൂർണ്ണമായും അതിലെ യാത്രക്കാരുടെ ശാരീരികപ്രയത്‌നവും മാനസികസ്ഥിരതയും മാത്രമാണ്. ആ സന്തുലിതാവസ്ഥയിൽ എത്തിച്ചേരുന്നത് തന്നെ വാഹനത്തെ മുന്നോട്ട് പ്രത്യേക വേഗതയിൽ ചലിപ്പിക്കുമ്പോൾ മാത്രവുമാണ്. സുരക്ഷിതമായ ഒരു സന്തുലനം നിലനിർത്താൻ, വാഹനത്തിൻ്റെ വേഗത ഒരു നിശ്ചിത പരിധിക്കുള്ളിൽ നിയന്ത്രിച്ചു കൊണ്ടേയിരിക്കുകയും വേണം.
വിഖ്യാതമായ ന്യൂട്ടൻ്റെ മൂന്നാം ചലനനിയമപ്രകാരം, ഭൂഗുരുത്വബലത്തെ, ഒരു വസ്തുവിൻ്റെ സ്വയംഭ്രമണത്താൽ ഉളവാകുന്ന തുല്യമായ ആന്തരികപ്രതിബലം കൊണ്ടുളവാകുന്ന ഒരു നൈമിഷികസ്ഥിരതയാണ് സന്തുലനം അഥവാ ബാലൻസിംഗ് എന്നത്. ഉരുണ്ടു പോകുന്ന ഒരു നാണയം വീഴാതെ നീങ്ങുന്നത് പോലുള്ള ‘ലളിതമായ‘ ഒരു പ്രതിഭാസം….!!
മേൽവിവരിച്ച ബാലൻസിംഗ് സാങ്കേതികത വികസിപ്പിക്കുക ശാസ്ത്രലോകത്തിന് അത്യന്തം ദുഷ്കരവും സങ്കീർണ്ണവും ചെലവേറിയതുമായ ഒരു പ്രക്രിയയാണ്. അതേസമയം മനുഷ്യനുൾപ്പെടുന്ന ജീവലോകത്തിന് സ്വശരീരം സന്തുലിതാവസ്ഥയിൽ നിർത്തുക എന്നത് ഒരു നിസ്സാരജീവിതവൃത്തിയുമാണ്.
സ്വശരീരത്തിൻ്റെ സന്തുലിതാവസ്ഥയ്ക്കൊപ്പം വാഹനത്തിൻ്റെ സന്തുലിതാവസ്ഥയും ഒരുപോലെ നിലനിർത്താൻ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി നീങ്ങേണ്ടതുണ്ട് എന്ന ‘അദ്വൈതസിദ്ധാന്തം‘ മനസ്സിലാക്കുക. ഈ ശകടയാത്ര ഒരു വികടമാകാതിരിക്കാൻ “ഇരുമെയ്യാണെങ്കിലും മനമൊന്നായ്..” ചലിച്ചാലെ സാദ്ധ്യമുള്ളൂ എന്ന ബോധ്യം എന്നുമെന്നും എപ്പോഴും എപ്പോഴും നമുക്കുണ്ടായിരിക്കുകയും വേണം.
ഇരുചക്രവാഹന യാത്രക്കാർക്ക് മാത്രമായുള്ള പ്രാഥമികവും പരമപ്രധാനവുമായ വെല്ലുവിളി ഈ ബാലൻസിംഗ് തന്നെയാണ്.
No balance……... No more balance
ഈ സിങ്ക്രണൈസേഷൻ അഥവാ സമന്വയനപ്രവൃത്തി ഓരോ വ്യക്തിയിലും അവരുടെ സ്വഭാവരീതികൾക്കനുസൃതമായി വ്യത്യസ്തവുമായിരിക്കും എന്ന യാഥാർത്ഥ്യം, ഒരു റോഡ് ഗതാഗത സംവിധാനത്തിൽ സുരക്ഷിതയാത്രയ്ക്ക് നിസ്സാരമായി കാണേണ്ട ഒരു സംഗതിയല്ല…!!!
ഒരു ഡ്രൈവിംഗ് ടെസ്റ്റിൻ്റെ ഒന്നാംഘട്ടമായ 8 ട്രാക്കിൽ പരീക്ഷിക്കപ്പെടുന്നതും, തുടർന്നുള്ള ദൈനംദിന യാത്രകളിൽ അനുസ്യൂതം പരീക്ഷിക്കപ്പെടുന്നതും ഈ അടിസ്ഥാന ഡ്രൈവിംഗ് നൈപുണ്യമല്ലാതെ മറ്റൊന്നല്ല.
ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ
ചെലോൽത് ചെലപ്ല് ശരിയാകും..
ചെലോൽത് ചെലപ്ല് ശരിയാവൂല
ഒന്ന് രണ്ട് ഭാഗങ്ങളിൽ പ്രകടിപ്പിച്ച പ്രയോജകമായ അഭിപ്രായങ്ങൾക്കും പ്രചോദകമായ അഭിനന്ദനങ്ങൾക്കും വളരെ വളരെ നന്ദി...... “റോട്ടിൻപുറം അനുഭവങ്ങളാൽ സമൃദ്ധം….“ തുടർന്നും നിരീക്ഷണാനുഭവങ്ങൾ മടിക്കാതെ പങ്കുവയ്ക്കുക.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.