കണ്ണീർമഴ തോരാതെ മലയോര നാട്; കൂട്ടിക്കൽ ദുരന്തത്തിന് മൂന്നു വയസ്സ്
text_fieldsകൂട്ടിക്കൽ ദുരന്തം സമ്മാനിച്ച വേദനകളിൽ ജീവിക്കുകയാണ് മൂന്നാം വർഷവും മലയോരനാട്. പഴയ സമാധാന ജീവിതത്തിലേക്ക് മടങ്ങാൻ ജനങ്ങൾക്ക് ഇനിയും ആയിട്ടില്ല. നഷ്ടങ്ങളും നൊമ്പരങ്ങളും പേറി നീറുകയാണ് ഈ ജനത ഇന്നും. അപ്രതീക്ഷിതമായി 2021ഒക്ടോബര്‍ 16ന് ഉണ്ടായ മഹാപ്രളയം കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. 21 ജീവനുകള്‍ അപഹരിച്ചതിന്റെ വേദന നാടിനു മറക്കാന്‍ കഴിയില്ല.
അതിരാവിലെ ഉണ്ടായ പെരുമഴ നിലക്കാതെ മണിക്കൂറുകളോളം പെയ്തപ്പോള്‍ നാട് സങ്കടക്കടലായി മാറുകയായിരുന്നു. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി വാര്‍ഡിലെ മാക്കൊച്ചിയില്‍ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപിഞ്ചു കുട്ടികളടക്കം അഞ്ചുപേരും തൊട്ടടുത്ത വീട്ടിലെ മറ്റൊരാളും കൊക്കയാറ്റില്‍ ഒരു വീട്ടമ്മയും മരിച്ചു. മാക്കൊച്ചിയില്‍ എട്ടോളം വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി.
മേഖലയില്‍ അമ്പതോളം വീട്ടുകാര്‍ വീടുപേക്ഷിച്ചു പോയി. മൂന്നു വര്‍ഷം പിന്നിടുമ്പോഴും അവര്‍ നാട്ടിലേക്കു തിരികെ എത്താന്‍ പോലും തയാറായിട്ടില്ല. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ ആറുപേർക്കാണ് ഉരുളില്‍ ജീവൻ നഷ്ടപ്പെട്ടത്. കാവാലിയില്‍ ഒരു വീട്ടിലെ കുട്ടികളടക്കം അഞ്ചുപേരും മരിച്ചു. ഇളങ്കാട്ടില്‍ വീടുനിര്മാണത്തിനിടയിലാണ് ഒരു യുവാവിന്റെ ജീവനെടുത്തത്.
വൈദ്യുതാഘാതത്തില്‍ ഒരു വീട്ടമ്മയും പ്രളയദിനത്തില്‍ മരിച്ചു. മലയോരമേഖലയെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ ആയിരക്കണക്കിന് വീടുകളാണ് ഒലിച്ചുപോയത്. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. ഉടുതുണി മാത്രമായി എല്ലാം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്തു.
മരിച്ചവർ
* കാഞ്ഞിരപ്പള്ളി ചേരിപുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ(28), മക്കളായ അമീന്(10), അംന(7), ഫൗസിയയുടെ സഹോദരന് കല്ലുപുരക്കൽ ഫൈസലിന്റെ മക്കളായ അഹ്സാന(എട്ട്), അഹിയാന്‍(നാല്), പുതുപ്പറമ്പില്‍ ഷാഹുലിെന്റ മകന് സച്ചു ഷാഹുല്‍(ഏഴ്), ചിറയിൽ ഷാജി(51) എന്നിവർ മാക്കൊച്ചിയില്‍ പൂവഞ്ചിടോപ്പില്നിന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചു.
*കൊക്കയാര്‍ ചേംപ്ലാന്കുന്നേല് സാബുവിന്റെ ഭാര്യ ആന്‍സി(51) കൊടികുത്തിയാറ്റിൽ ഒഴുകിപ്പോയി.
* മുക്കുളം താഴത്തങ്ങാടിയില്‍ ഓലിക്കല്‍ ഷാലറ്റ് (29) പുതുതായി നിര്‍മിക്കുന്ന വീടിനുമുകളില്‍നിന്ന് ഒഴുകി പോയി.
* ഒട്ടലാങ്കല്‍ (വാളകുന്നേല്) മാര്ട്ടിന്(റോയി-47), ഭാര്യ സിനി(35), മക്കള്‍ സ്നേഹ(13), സോന(10), സാന്ദ്ര(ഒമ്പത്), മാര്‍ട്ടിന്റെ മാതാവ് ക്ലാരമ്മ ജോസഫ്(65) എന്നിവർ കാവാലി ഉരുൾപൊട്ടലിൽ മരിച്ചു.
*കൂട്ടിക്കല്‍ പ്ലാപ്പള്ളി ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ(45), മകന് അലന്(14).
* പ്ലാപ്പള്ളി പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസ്സമ്മ(58), മുണ്ടശ്ശേരി വേണുവിന്റെ ഭാര്യ റോഷ്നി(48).
*ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസിലി(50).
* പെരുവന്താനം നിര്‍മലഗിരി വടശ്ശേരിയില്‍ ജോജി(44).
തകർത്തത് 44 പാലങ്ങള്‍
മേഖലയില്‍ ചെറുതും വലുതുമായ 44 പാലങ്ങളാണ് പ്രളയം തകർത്തത്. നഷ്ടമായ പാലങ്ങളില്‍ നാെലണ്ണം പോലും പുനര്‍ നിര്‍മിക്കാന്‍ ഇതുവരെയായി അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നത് നാണക്കേടായി തുടരുകയാണ്. കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം, കൊക്കയാര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കൊക്കയാര്‍ പാലം എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
നാട്ടുകാരുടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവില്‍ രണ്ടുപാലങ്ങള്ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പാലം കടലാസില്‍ തന്നെ. ഇളങ്കാട് പാലം മാത്രം എം.എല്‍.എ ഫണ്ടില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കി. ഏന്തയാര്‍ ഈസ്റ്റ് പാലത്തിന് നടപ്പാതയുടെ സ്ഥലമെടുപ്പുമാത്രമാണ് തടസ്സമായി നില്‍ക്കുന്നതെന്നാണ് അധികാരികളുടെ മറുപടി. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ മൂന്നാം വര്‍ഷം ഫണ്ട് അനുവദിച്ചു നല്‍കുകയായിരുന്നു.
കൊക്കയാര്‍ പാലം പ്രളയത്തില്‍ പൂര്‍ണമായി തകര്ന്നൊഴുകിയപ്പോള് നാട് ഒന്നിച്ച് താൽക്കാലികമായി മറ്റൊരു പാലം നിര്മിച്ചതിനാല് സ്കൂള്‍ വിദ്യാർഥികള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഉപകാരമായി. നാലരകോടി രൂപ മുടക്കി പുതിയ പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും യാഥാർഥ്യമായിട്ടില്ല.
ആറാംകാട് പാലം, വെട്ടിക്കാനം നടപ്പാലം, വെംബ്ലി കമ്യൂണിറ്റിഹാൾ പാലം, പതിനഞ്ച് -നിരവുപാറ പാലം, നൂറേക്കര്പാലം, വടക്കേമല പാപ്പാനി നടപ്പാലം, കനകപുരം-തേന്‍പുഴ ഈസ്റ്റ്പാലം, കനകപുരം കുപ്പായിക്കുഴിപാലം, വലയിഞ്ചിപാലം തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ.
റോഡുകള്‍ ചെറുവഴികളായി
പ്രളയത്തില്‍ നശിച്ച നിരവധി റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ കഴിയാതെ വന്നത് നാടിനെ യാത്രാദുരിതത്തിലാക്കിയിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായി വന്ന ഇളങ്കാട് -വാഗമണ്‍ റോഡ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. പകരം കൂടുതല്‍ തുക അനുവദിച്ച് വീണ്ടും നിര്‍മിക്കാന്‍ രേഖകള്‍ തയാറായിട്ടുണ്ട്. ഏന്തയാര്‍-വടക്കേമല റോഡ്, കൊക്കയാര്‍-മേലോരം-അഴങ്ങാട് റോഡ്, പെരുവന്താനം- അഴങ്ങാട് റോഡ്, വെംബ്ലി കനകപുരം റോഡ്, ഉറമ്പിക്കര- ഒന്നാംപാലം റോഡ് എന്നിവയടക്കം നിരവധി റോഡുകള്‍ പുനരുദ്ധരിക്കാന്‍ അധികാരികള്‍ കനിയണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.