'എലി കഞ്ചാവടിച്ചു'; കോടതിയിൽ പ്രോസിക്യൂഷന്റെ വിചിത്രവാദം
text_fieldsതിരുവനന്തപുരം: തൊണ്ടിമുതലായി കോടതിയിൽ സൂക്ഷിച്ച കഞ്ചാവ് എലി കൊണ്ടുപോയിക്കാണുമെന്ന വിചിത്രവാദവുമായി പ്രോസിക്യൂഷൻ. കഞ്ചാവ് കേസിന്റെ വിചാരണവേളയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റുവെന്ന കേസിലെ തൊണ്ടി മുദ്രവെച്ച കവറിൽ സ്റ്റോർ മുറിയിൽനിന്ന് രേഖപ്പെടുത്താൻ എടുത്തപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്.
രേഖകളിൽ 125 ഗ്രാം കഞ്ചാവെന്ന് കാണിച്ചിരുന്ന കവറിൽ 25 ഗ്രാമേ ശേഷിച്ചിരുന്നുള്ളു. ബാക്കി എവിടെപ്പോയെന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോഴാണ് ‘എലി കൊണ്ടു പോയതാകും’ എന്ന് പ്രോസിക്യൂട്ടർ മറുപടി നൽകിയത്. വിചാരണ നടക്കുന്ന കേസിൽ അഞ്ചാം സാക്ഷിയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ മുൻ സി.പി.ഒയുമായ ഗോപകുമാറിനെ കാണിച്ച് രേഖപ്പെടുത്താൻ എടുത്തപ്പോഴാണ് തൊണ്ടിമുതലിന്റെ ബഹുഭൂരിഭാഗവും ഇല്ലാതായ കാര്യം കോടതി അറിയുന്നത്. അൽപമെങ്കിലും ശേഷിച്ചതിൽ കോടതിക്കും ആശ്വാസം. നിർണായക തെളിവായ കഞ്ചാവ് മുഴുവൻ കാണാതായിരുന്നെങ്കിൽ പ്രതിയെ വെറുതെവിടേണ്ടിവന്നേനെ.
തിരുവനന്തപുരം പാളയത്ത് സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ സാബു എന്നയാളെ പൊലീസ് പിടികൂടിയതാണ് കേസിനാധാരം. 2016 നവംബർ 12 നായിരുന്നു സംഭവം. രാസപരിശോധനക്കായി 100 ഗ്രാം കഞ്ചാവ് അയച്ചിരുന്നു. ഏഴുവർഷത്തിനുശേഷം വിചാരണവേളയിൽ തൊണ്ടിമുതൽ പരിശോധിച്ചപ്പോഴാണ് കൗതുക വെളിപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.