ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരായ നീക്കം അപലപനീയം -ശ്രീനാരായണ സോദരസംഘം
text_fieldsകോഴിക്കോട്: കേരളത്തിന് അഭിമാനമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരെ തൽപരകക്ഷികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തെറ്റായ നിലപാടുകളും ശ്രീനാരായണ ഗുരുവിൻെറ ദർശനങ്ങൾക്ക് വിരുദ്ധവും മതേതര ജനാധിപത്യ സമൂഹത്തിന് വെല്ലുവിളിയുമാണെന്ന് ശ്രീനാരായണ സോദരസംഘം.
കേരള നിയമസഭ പാസാക്കിയ ബില്ലിെൻറ അടിസ്ഥാനത്തിൽ ശ്രീനാരായണഗുരുവിൻെറ നാമധേയത്തിൽ രൂപംകൊണ്ട യൂണിവേഴ്സിറ്റിയുടെ സാധ്യതകൾ മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ചെയ്യുന്നത് വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉപദേശിച്ച ഗുരുവിനോടുള്ള നിന്ദയാണ്. ഒരു ജനാധിപത്യ മതേതര ഗവൺമെൻറ് ഗുരുവിെൻറ നാമധേയത്തിൽ യൂണിവേഴ്സിറ്റി തുടങ്ങുമ്പോൾ അതിലെ അധികാരസ്ഥാനങ്ങൾ തീരുമാനിക്കുന്നത് യോഗ്യതയുടേയും പരിചയ സമ്പന്നതയുടേയും പേരിലാകുമ്പോൾ അതിൽ ജാതിയും മതവും കണ്ടെത്തുന്നവർ കാണിക്കുന്നത് ഗുരുദർശനത്തോടുള്ള തികഞ്ഞ അവജ്ഞയാണ്. യൂണിവേഴ്സിറ്റി വി സി, പി വി സി, രജിസ്ട്രാർ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവർ അക്കാദമിക ഭരണതലങ്ങളിൽ പ്രാഗൽഭ്യമുള്ളവരും കഴിവ് തെളിയിച്ചവരുമാണെന്നിരിക്കെ ഈ വിവാദം അനാവശ്യവും ദുരുപദിഷ്ടവുമായി മാത്രമേ കേരളീയസമൂഹം വിലയിരുത്തുകയുള്ളുവെന്നും ശ്രീനാരായണ സോദരസംഘം അഭിപ്രായപ്പെട്ടു.
മറ്റ് യൂണിവേഴ്സിറ്റികളിലേത് പോലെ സയൻസ്, കൊമേഴ്സ്, മാനവിക വിഷയങ്ങളിൽ യു.ജി, പി.ജി കോഴ്സുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുമെന്നതും ലോകത്ത് എവിടെ നിന്നും പ്രായപരിധി കൂടാതെ പഠിക്കാൻ കഴിയുമെന്നതും മികച്ച സാധ്യതയാണ്. ഗുരുദർശനവും തത്വചിന്തയും പ്രാധാന്യത്തോടെ പഠിക്കുവാനുള്ള പ്രത്യേക ചെയർ യൂണിവേഴ്സിറ്റിയുടെ മറ്റൊരു സവിശേഷതയാണ്. കേരളത്തിൽ നിലവിലുള്ള പതിനാല് യൂണിവേഴ്സിറ്റികളിൽ നിന്നും കൂടുതൽ പ്രാധാന്യം ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കൈവരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ശ്രീനാരായണ സോദരസംഘം പ്രസിഡൻറ് ഡോ. എൻ.ആർ. ഗ്രാമപ്രകാശും ജനറൽ സെക്രട്ടറി എ. ലാൽസലാമും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.