'ഹരിത'യെ മരവിപ്പിച്ച നടപടി താൽക്കാലികം മാത്രം, ശത്രുക്കൾക്ക് വടി എറിഞ്ഞുകൊടുക്കരുത് -എം.കെ. മുനീർ
text_fieldsകോഴിക്കോട്: ഹരിത-എം.എസ്.എഫ് വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാവും എം.എൽ.എയുമായ എം.കെ മുനീർ. ഹരിതയുടെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി താൽക്കാലികം മാത്രമാണ്. ഹരിത കൊടുത്ത പരാതിയിൽ വനിത കമീഷൻ എടുക്കുന്ന അമിത താൽപര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ടുവിഭാഗവും അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ശത്രുക്കൾക്ക് വടി എറിഞ്ഞുകൊടുക്കരുത്. നേതാക്കൾ മോശം ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. ഹരിത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വനിത കമീഷനിൽ പരാതി കൊടുത്തപ്പോൾ തന്നെ അതിനെതിരെ കമീഷൻ നടപടിയെടുത്തു. വനിത കമീഷൻ ഈ കേസിൽ അമിത താൽപര്യം കാണിച്ചിട്ടുണ്ട്. എല്ലാവരുടേയും ഇരയായി നിൽക്കുന്നത് പ്രസ്ഥാനമാണ്. അതിൽ വലിയ ദുഖമുണ്ടെന്നും എം.കെ. മുനീർ പറഞ്ഞു.
ഹരിതയിലുള്ളത് ഞങ്ങളുടെ കുട്ടികളാണ്. അവരെ മാർക്സിസ്റ്റ് പാർട്ടിക്ക് വിട്ടുകൊടുക്കാൻ പറ്റില്ല. ചർച്ചക്ക് വേണ്ടിയുള്ള വാതായനങ്ങൾ മലർക്കെ തുറന്നുവെച്ചിരിക്കുകയാണ്. പ്രസ്ഥാനവുമായി അവർ വീണ്ടും ചർച്ചക്കൊരുങ്ങുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും മുനീർ പറഞ്ഞു. അവരെ ഒഴിവാക്കാനാവില്ല. അതുകൊണ്ടാണ് ഹരിതയുടെ പ്രവർത്തനം തൽക്കാലം മരവിപ്പിച്ചത്. ഇലക്ക് കേടില്ലാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.