കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി.ലിറ്റ് നൽകാനുള്ള നീക്കം തടയണം -സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം: സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളിൽ ഉന്നത സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കാൻ സർവകലാശാല ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്ത ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് വൈസ് ചാൻസലറോടും ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രപതിക്കുപോലും ഡി.ലിറ്റ് ബിരുദം നൽകാൻ വിസമ്മതിച്ചപ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇരുവർക്കും ഡി.ലിറ്റ് നൽകാനുള്ള പ്രമേയം അനുഭാവപൂർവം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്‍റെ ഭാഗമായി ഇടതുപക്ഷ സർക്കാറിന്‍റെ നിർദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കാൻ സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസലർ അനുമതി നൽകിയത്.
സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെനിർത്താനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണിത്. സംസ്ഥാനത്തെ സർവകലാശാലകൾ ഇതിനകം ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയവരുടെ സംഭാവനകൾ പരിശോധിച്ചശേഷം ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയ സംഭാവനകൾ വ്യക്തമാക്കാൻ കാലിക്കറ്റ് സർവകലാശാല തയാറാകണമെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.