നിയമ വിരുദ്ധ പണപ്പിരിവിൽ നിന്നും നഗരസഭ പിന്മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsതിരുവനന്തപുരം: നിയമ വിരുദ്ധ പണപ്പിരിവിൽ നിന്നും നഗരസഭ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല പ്രസിഡന്റ് കരമന മാധവൻ കുട്ടിയും ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പനും ആവശ്യപ്പെട്ടു. പൊതുമരാമത്തിന്റെ റോഡിലെ പാർക്കിങ്ങിന് തുക ഈടാക്കി കരാറെഴുതാൻ നഗരസഭയ്ക്ക് അധികാരമില്ലായെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞിരുന്നു. അതേ റോഡുകളിലെ പാർക്കിങ്ങിനായി തുക പിരിക്കാൻ നഗരസഭയ്ക്ക് അധികാരമില്ലായെന്ന് തെളിഞ്ഞിട്ടും നിയമവിരുദ്ധ പണപ്പിരിവിൽ നിന്നും നഗരസഭ പിന്മാറാത്തത് നീതീകരിക്കാനാവില്ല.
വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾക്ക് അധിക ഫീസ് ചുമത്താൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. കടകളിലെത്തുന്ന ഏജൻസിയുടെ ജീവനക്കാർ വ്യാപാരികളോട് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നു. കേരളത്തിലെ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഇത്തരത്തിൽ ഫീസ് ഈടാക്കുന്നില്ല.
സാധാരണ കെട്ടിടത്തേക്കാൾ കമേഴ്സ്യൽ താരീഫിൽ പത്തിരട്ടി നികുതി നൽകുകയും വെള്ളത്തിനും വൈദ്യുതിക്കും സമാനമായി തന്നെ വർധിപ്പിച്ച നികുതി അടക്കുകയും ചെയ്യുന്നുണ്ട്. കാലാകാലങ്ങളിൽ നഗരസഭ ചുമത്തുന്ന ഫീസും നൽകി ലൈസൻസ് എടുത്തും കച്ചവടം ചെയ്യുന്ന കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്ക് അധിക ചുങ്കം ചുമത്തുന്നത് പിടിച്ചുപറി ആണെന്നും നേതാക്കൾ പറഞ്ഞു. ഇത്തരത്തിലുള്ള നിയമവിരുദ്ധ പണപ്പിരിവുകളിൽ നിന്നും തിരുവനന്തപുരം നഗരസഭ പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.