ശശി തരൂരിന്റെ പരാമർശത്തിൽ പുലിവാൽ പിടിച്ച് മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാനും ഫലസ്തീന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്താനും ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ഡോ. ശശി തരൂരിനെ വിളിച്ച് മുസ്ലിം ലീഗ് പുലിവാൽ പിടിച്ചു. ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണത്തിലൂടെ പതിനായിരങ്ങളെ സംഘടിപ്പിച്ച് ശ്രദ്ധേയമായി നടത്തിയ റാലിയുടെ നിറംകെടുത്താൻ ശത്രുക്കൾക്ക് ആയുധമിട്ടതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത നീരസമുണ്ട്. ശശി തരൂരിന്റെ ഭീകരാക്രമണ പരാമർശത്തിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കു തന്നെ പാർട്ടി നിലപാട് വിശദീകരിക്കേണ്ടിവന്നത്. അതേസമയം, ഉജ്ജ്വലമായി നടത്തിയ റാലിയെ ഇകഴ്ത്തിക്കാണിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലും പാർട്ടി നേതൃത്വത്തിനുണ്ട്. അതിനാൽ, വിഷയം കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടി. അതിനിടെ, വിഷയത്തിൽ കരുതലോടെ പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ലീഗിന് ആശ്വാസമായി. മുൻമന്ത്രി കെ.കെ. ശൈലജ എം.എൽ.എ തരൂരിന് സമാനമായ പ്രസ്താവന നടത്തിയ സാഹചര്യം സി.പി.എമ്മിന് മുന്നിലുണ്ട്.
കോഴിക്കോട് റാലിയിലൂടെ പാർട്ടിക്ക് ബഹുമുഖ ലക്ഷ്യങ്ങളുണ്ടായിരുന്നു. സമസ്തയുമായുള്ള അഭിപ്രായഭിന്നത അതിർവരമ്പുകൾ ഭേദിച്ച സാഹചര്യത്തിൽ പാർട്ടിയുടെ ഏകോപനത്തെയും ശക്തിയെയും ഒരുതരത്തിലും അത് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഒന്ന്. പാണക്കാട് സാദിഖലി തങ്ങളോടുള്ള സമസ്തയിലെ ഒരുവിഭാഗത്തിന്റെ സമീപനത്തിൽ പാർട്ടിക്ക് ശക്തമായ പ്രതിഷേധമുണ്ട്. ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ കടുത്ത വിമർശനത്തിനെതിരെ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം പരാതി കൊടുത്തത് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കായിരുന്നു. കത്തിന്റെ പകർപ്പാണ് സാദിഖലി തങ്ങൾക്ക് നൽകിയത്. പാണക്കാട് കുടുംബത്തെ ആത്മീയ-രാഷ്ട്രീയ നേതൃത്വത്തിൽ പ്രതിഷ്ഠിക്കുന്ന മുസ്ലിം ലീഗിന് ഒരുവിഭാഗം സമസ്ത നേതാക്കളിൽനിന്നുണ്ടാകുന്ന ഇത്തരം അവഗണന പൊറുപ്പിക്കാനാകാത്തതിനാലാണ് ഇവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചത്. സാദിഖലി തങ്ങളുടെ സ്വാധീനം സമസ്ത നേതൃത്വത്തെ ബോധ്യപ്പെടുത്താൻ റാലിയിലൂടെ പാർട്ടിക്ക് സാധിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിച്ച സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ ഊർജസ്വലരാക്കാൻ മഹാറാലിയിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലും പാർട്ടിക്ക് പിഴച്ചില്ല. വാർഡ്തലം മുതൽ പാർട്ടി കേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചതിന്റെ പ്രതിഫലനമാണ് കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ജനസഞ്ചയം. എന്നാൽ, കഴിഞ്ഞ ഡിസംബർ ഒമ്പതിന് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണറാലിയിലെന്ന പോലെ, ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലും പ്രഭാഷകന്റെ ഭാഗത്തുനിന്ന് വിവാദമുണ്ടായ സാഹചര്യം ലീഗ് വിരുദ്ധർ മുതലെടുക്കാൻ കാരണമായതിൽ നേതാക്കൾക്കും പ്രവർത്തകർക്കും നീരസമുണ്ട്. ആസൂത്രണത്തോടെ വിജയകരമായി സംഘടിപ്പിച്ച വഖഫ് റാലിയിൽ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായിയുടെ പ്രസംഗമാണ് വിവാദമായത്. മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗം റാലിക്ക് മങ്ങലേൽപിച്ചിരുന്നു. ഫലസ്തീൻ പ്രശ്നത്തിൽ തന്റെ നിലപാട് നേരത്തെതന്നെ തരൂർ വ്യക്തമാക്കിയതാണ്. നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഹമാസ് ആക്രമണത്തെ ഭീകരാക്രമണമായി ശശി തരൂർ വിലയിരുത്തിയിരുന്നു. കോൺഗ്രസിനകത്തുതന്നെ തരൂരിന്റെ ഇത്തരം നിലപാട് വിമർശന വിധേയമാകാറുമുണ്ട്. ഇങ്ങനെയുള്ള വ്യക്തിയെ സോദ്ദേശ്യത്തോടെ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് എന്തിനാണെന്ന ചോദ്യം പാർട്ടി പ്രവർത്തകർ തന്നെ ഉയർത്തുന്നുണ്ട്. ഹമാസ് ആക്രമണത്തെ ഭീകരാക്രമണമാക്കിയ ശശി തരൂരിന്റെ പരാമർശം വിവാദമാകുമെന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് അബ്ദുസ്സമദ് സമദാനിയും ഡോ. എം.കെ. മുനീറും വേദിയിൽതന്നെ അതിന് മറുപടി നൽകിയത്.
അതേസമയം, നയതന്ത്രജ്ഞനായ ശശി തരൂരിന് ഇത്തരത്തിലല്ലാതെ വിഷയത്തെ സമീപിക്കാനാകില്ലെന്ന നിലപാട് സ്വീകരിക്കുന്നവരും പാർട്ടിയിലുണ്ട്. അത്തരമൊരു പരാമർശം നടത്താതെ ഇസ്രായേലിന്റെ ക്രൂരതകളെ അദ്ദേഹം എണ്ണിപ്പറഞ്ഞ് വിമർശിച്ചാൽ അത് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ഇടയാകില്ലെന്നാണ് ഇക്കൂട്ടരുടെ ന്യായീകരണം. ഹമാസിനെ പേരെടുത്ത് പറയാതെയായിരുന്നു തരൂരിന്റെ പരാമർശമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നും ഫലസ്തീൻ ജനതക്കൊപ്പം -ശശി തരൂർ
കരിപ്പൂർ: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ് ലിം ലീഗ് വേദിയിലെ പരാമർശത്തില് വിശദീകരണവുമായി ശശി തരൂർ എം.പി. താനെന്നും ഫലസ്തീൻ ജനതക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ കരിപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.