പാലായെച്ചൊല്ലി പരസ്പര വിരുദ്ധ പ്രസ്താവനകളുമായി എൻ.സി.പി
text_fieldsകോട്ടയം: പാലായെച്ചൊല്ലി എൻ.സി.പിയിൽ പടലപ്പിണക്കം മുറുകുന്നു. പരസ്പരവിരുദ്ധ പ്രസ്താവനകളുമായി നേതാക്കൾ എത്തിയതോടെ പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ വ്യക്തമായി. പ്രഫുൽ പട്ടേലുമായി ചർച്ചക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന മാണി സി. കാപ്പെൻറ പരാമർശം മറ്റ് നേതാക്കൾ തള്ളുകയാണ്.
അവസാന നിമിഷം സീറ്റില്ലെന്നു പറഞ്ഞാൽ ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് നേരേത്ത കാണാൻ സമയം ചോദിച്ചതെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമയം അറിയിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ അറിയിച്ചിട്ടില്ല. അന്തിമതീരുമാനം പ്രഫുൽ പട്ടേൽ കേരളത്തിൽ വന്നുള്ള ചർച്ചക്കുശേഷമായിരിക്കും. യു.ഡി.എഫിലേക്ക് പോകുന്നതിന് താരിഖ് അൻവറുമായി താൻ ചർച്ച നടത്തിയിട്ടില്ല. പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ല. പാലായിൽ തന്നെ മത്സരിക്കും. ശരദ്പവാർ തന്നോട് മണ്ഡലം വിടാൻ പറയില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിക്കാമെന്നാണ് വ്യക്തമാക്കിയതെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് പറഞ്ഞു. പാലാ സീറ്റിൽ തർക്കിച്ച് മാണി സി. കാപ്പൻ യു.ഡി.എഫിലേക്കു പോകുമെന്നു കരുതുന്നില്ല. വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പൻ മുന്നണി വിടുമെന്നത് തെറ്റായ വാർത്തയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രെൻറ പ്രതികരണം. എന്നാൽ, പാലായിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചുപറയുന്ന മാണി സി. കാപ്പന് ആഗ്രഹം സാധിക്കണമെങ്കിൽ യു.ഡി.എഫിലേക്ക് പോവുകയല്ലാതെ മറ്റ് വഴിയില്ല. ഇതാവട്ടെ മറ്റ് നേതാക്കൾക്ക് സ്വീകാര്യവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.