തീരദേശ ജനതയുടെ ആവശ്യങ്ങൾക്ക് പരിഹാരമായില്ല; കപ്പൽ സ്വീകരണത്തിൽ തരൂർ പങ്കെടുക്കില്ല, എം. വിൻസെന്റ് എത്തും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ കണ്ടെയ്നർ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം.പി അറിയിച്ചു. പുനരധിവാസമടക്കം തീരദേശ ജനത ഉയർത്തിയ ആവശ്യങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്നും തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ താൻ പങ്കെടുക്കില്ലെന്നും തരൂർ വാർത്തക്കുറിപ്പിലാണ് വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖം ഉൾക്കൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളായ ശശി തരൂർ എം.പിയും എം. വിൻസെന്റും പങ്കെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ ആവർത്തിച്ച് അറിയിച്ചതിന് പിന്നാലെയാണ് തരൂരിന്റെ അറിയിപ്പ്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് ശക്തമായ ഇടപെടൽ നടത്തിയ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് ജില്ല കേന്ദ്രങ്ങളിൽ യു.ഡി.എഫ് വെള്ളിയാഴ്ച പ്രകടനം നടത്തും. വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് എം.പി രംഗത്തെത്തിയിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.