കേന്ദ്ര ന്യൂനപക്ഷ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമ്പോൾ ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണം -സീറോ മലബാർ സഭ
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമ്പോൾ ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ. സീറോ മലബാർ സഭ മീഡിയ കമീഷൻ ജോയിന്റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, ആരോഗ്യ-ക്ഷേമ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരിലൂടെ നടപ്പാക്കുന്ന പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതി ചൂണ്ടിക്കാട്ടിയാണ് വിമർശനം.
കഴിഞ്ഞവർഷം വരെ കേരളത്തിൽ ഒരു ന്യൂനപക്ഷവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ മാത്രമേ മുഖ്യമായും ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ക്രൈസ്തവർ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങൾ വ്യാപകമായി ഒഴിവാക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിൽ പോലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുമ്പോഴാണ് ഈ അനീതിയുടെ ആഴം ബോധ്യമാവുക. ഇതു കടുത്ത അനീതിയും മതവിവേചനവും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന, മുന്നാക്ക- പിന്നാക്ക വേർതിരിവില്ലാതെ തുല്യ അവകാശങ്ങൾ എന്നിങ്ങനെയുള്ള ഭരണഘടനാപരമായ ന്യൂനപക്ഷ സംരക്ഷണതത്വങ്ങൾക്കു വിരുദ്ധവുമാണെന്ന പരാതി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ ക്രൈസ്തവ സംഘടനകളും വ്യാപകമായി ഉന്നയിച്ചിരുന്നു. ഇവയൊക്കെ കണക്കിലെടുത്തുകൊണ്ടാവണം 2022 മുതൽ പി.എം.ജെ.വി.കെയുടെ പരിഷ്കരിച്ച മാർഗരേഖ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.
ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നശേഷം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പുതിയ പതിനഞ്ചിന പരിപാടി 2005 ഫെബ്രുവരി 25ന് പാർലമെന്റിൽ പ്രഖ്യാപിച്ചു. ദേശീയ ന്യൂനപക്ഷകാര്യ മന്ത്രാലയം 2006 ജനുവരി 29ന് നിലവിൽ വന്നു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകമായി പഠിക്കാൻ രജീന്ദർ സച്ചാർ കമീഷൻ 2005ൽ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ഈ കമീഷൻ 2006ൽ റിപ്പോർട്ട് സമർപ്പിച്ചു.
ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്കുണ്ടായിരുന്ന തുല്യതയുടെ നഷ്ടപ്പെടലും അതുവരെ തുടർന്നുപോന്ന ന്യൂനപക്ഷസംരക്ഷണ തത്വങ്ങളുടെ തമസ്കരണവുമാണ് പിന്നീടുണ്ടായത്. ന്യൂനപക്ഷക്ഷേമം എന്നാൽ മുസ്ലിം ക്ഷേമം എന്ന നിലയിലേക്ക് വ്യാഖ്യാനങ്ങൾ ഉണ്ടായി. ന്യൂനപക്ഷക്ഷേമം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഉപകരണമായി മാറിയതോട എണ്ണത്തിൽ കുറഞ്ഞ ക്രൈസ്തവർ ഉൾപ്പെടെയുള്ള മൈക്രോ മൈനോറിറ്റി വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടു. ഈ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഏതാനും സ്കോളർഷിപ്പുകളുടെ ചെറിയ ശതമാനം മാത്രമായി ചുരുങ്ങി.
രണ്ടാം യു.പി.എ സർക്കാരിന്റെ അവസാനം 2013-14 വർഷത്തിൽ മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള പ്രദേശം തെരഞ്ഞെടുക്കുന്ന മാനദണ്ഡത്തിൽ കാര്യമായ ഭേദഗതികൾ ഉണ്ടായി. ന്യൂനപക്ഷ ജനസംഖ്യ അടിസ്ഥാനമാക്കി പദ്ധതിയുടെ കീഴിൽ ഉൾപ്പെടുന്ന ഒരു ജില്ല മൊത്തമായും പരിഗണിക്കാതെ, ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ, ടൗണുകൾ, വില്ലേജ് ക്ലസ്റ്ററുകൾ എന്നീ രീതിയിൽ പദ്ധതി പ്രദേശം ചുരുക്കി നിശ്ചയിച്ചു. ന്യൂനപക്ഷം എന്ന നിയമപരമായ നിർവചനത്തിനു പുറത്ത് പിന്നാക്ക ന്യൂനപക്ഷം എന്ന വിഭജനം നിയമവിരുദ്ധമായി സൃഷ്ടിച്ച് 'പിന്നാക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ' കണ്ടെത്തിക്കൊണ്ടാണ് ഈ 'ചുരുക്കൽ പ്രക്രിയ' പ്രാബല്യത്തിൽ വരുത്തിയത്.
കേരളത്തിൽ മുസ്ലിം ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഒട്ടനവധി പ്രദേശങ്ങളിൽ പ്രോജക്ടുകൾ നടപ്പിലായപ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കൂടുതലായി അധിവസിക്കുന്ന ബ്ലോക്കുകൾ, വില്ലേജുകൾ, ടൗണുകൾ അധികവും ഒഴിവാക്കപ്പെട്ടു. ഈ നടപടിക്കു നിയമപരമായ യാതൊരു അടിത്തറയുമില്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.