കോടതി വളപ്പിലെ ഗാന്ധിപ്രതിമ അടിച്ചു തകർത്തു; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് സംശയിക്കുന്നതായി പൊലീസ്
text_fieldsകോഴിക്കോട്: ജില്ല കോടതിവളപ്പിൽ കഴിഞ്ഞദിവസം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചുതകർത്തു. സംഭവത്തിൽ കക്കോടിമുക്ക് സ്വദേശി നാരായണനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നഗരത്തിൽ തന്നെ മറ്റു സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥതയുള്ളയാളെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോൺക്രീറ്റിൽ തീർത്ത പ്രതിമയുടെ വലത്തെ ചെവിയാണ് പൊട്ടിച്ചത്.
മാർച്ച് 30ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ ഹൈകോടതി ജഡ്ജി പി. ഗോപിനാഥും പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെ പ്രതി പട്ടികയുമായെത്തി പ്രതിമക്കു നേരെ പാഞ്ഞടുത്ത് അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടയാളെ മൂന്ന് മണിയോടെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിവളപ്പിൽ നടന്ന ആക്രമണം ജില്ല ജഡ്ജി ഉടൻ സിറ്റി പൊലീസ് കമീഷണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നാല് ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച പ്രതിമയാണ് തകർത്തതെന്നും കോടതിക്കകത്ത് കയറി കുറ്റം നടത്താൻ പ്രതിയെ ആരോ ഉപയോഗിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. എം.എസ്. സജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.