ബിജുവിന്റെ പേരിലെ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജം; പരാതി ലഭിച്ചിട്ടില്ല -ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: വിദ്യാർഥി സംഘടന നേതാവായിരുന്ന പി. ബിജു സ്മാരക മന്ദിരത്തിനുവേണ്ടി പിരിച്ച തുകയിൽ വെട്ടിപ്പ് നടന്നെന്ന ചാനൽ വാർത്തകൾ തള്ളി ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വം. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായത്തിനായാണ് അവിടം കേന്ദ്രീകരിച്ച് പി. ബിജു റെഡ് കെയർ ഓർമ മന്ദിരം പണിയുന്നത്.
ഇതിന്‍റെ നിർമാണത്തിന് പാളയം ബ്ലോക്ക് കമ്മിറ്റി പിരിച്ച തുക ജില്ല വൈസ് പ്രസിഡന്‍റ് സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചെന്നാണ് വാർത്ത. ഇതുസംബന്ധിച്ച് സി.പി.എം ജില്ല നേതൃത്വത്തിന് പരാതി നൽകിയതിനു പിന്നാലെ സി.പി.എം പാളയം ഏരിയ കമ്മിറ്റി ഫ്രാക്ഷൻ യോഗം ചേരുംമുമ്പ് വൈസ് പ്രസിഡന്‍റ് ഒന്നര ലക്ഷം രൂപ തിരിച്ചടച്ചുവെന്നും ആക്ഷേപമുയർന്നു.
എന്നാൽ, ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഷിജുഖാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ല-സംസ്ഥാന നേതൃത്വങ്ങൾക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇല്ലാത്ത തട്ടിപ്പിന്‍റെ കണക്കുകൾ എങ്ങനെയാണ് വിശദീകരിക്കുക. മന്ദിരനിർമാണത്തിന് സംഭാവന ഇനത്തിൽ പൊതുജനങ്ങളിൽനിന്ന് പണം പിരിച്ചിട്ടില്ല.
തലസ്ഥാന ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരു ദിവസം മാറ്റിവെച്ച് തൊഴിൽ ചെയ്തും ചലഞ്ചിലൂടെ സാധനങ്ങൾ വിറ്റഴിച്ചും യൗവനത്തിന്‍റെ പുസ്തകം എന്ന കൃതി വിറ്റും ലഭിച്ച വരുമാനമാണ് ഓർമമന്ദിരം പണിയാൻ ചെലവാക്കുന്നത്. ബ്ലോക്ക് കമ്മിറ്റികളും ജില്ല കമ്മിറ്റിയും നൽകിയ തുകയുടെയും കണക്കുകൾ സംഘടനയുടെ പക്കലുണ്ട്. അതു കൃത്യസമയത്ത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് വി. അനൂപും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.