പ്രതികൾ തീവ്രവാദ ചിന്താഗതിയിൽ എത്തിയത് സമൂഹ മാധ്യമങ്ങൾ വഴിയെന്ന് എൻ.ഐ.എ
text_fieldsകൊച്ചി: പെരുമ്പാവൂർ മുടിക്കല്ലിൽ പിടിയിലായവർ അൽഖ്വയ്ദ തീവ്രവാദ ചിന്താഗതിയിലേക്ക് എത്തിച്ചേർന്നത് സമൂഹ മാധ്യമങ്ങൾ വഴിയാണെന്ന് എൻ.ഐ.എ. പാകിസ്താൻ ആസ്ഥാനമായ അൽഖ്വയ്ദ സംഘം സ്മാർട്ട് ഫോണുകളിലൂടെ ഇവരുമായി സംവദിച്ചെന്നാണ് കരുതുന്നത്. ഡൽഹിയിൽ ഉൾപ്പെടെ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടതായി സംശയിക്കുന്നുവെന്നും എൻ.ഐ.എ അറിയിച്ചു.
കഴിഞ്ഞ ഒമ്പതിന് ദൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിെൻറ തുടർ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളിലും കേരളത്തിലും തീവ്രവാദ ഘടകങ്ങൾ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചത്. ബംഗാളിൽനിന്ന് പിടികൂടിയ ആറുപേരും കേരളത്തിൽ നിന്നുള്ള മൂന്നുപേരും തമ്മിൽ നടത്തിയ ആശയ വിനിമയമാണ് പ്രതികളെ കുടുക്കിയത്.
ആയുധങ്ങൾ വാങ്ങിക്കാൻ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിൽനിന്ന് പിടികൂടപ്പെട്ടവർ എന്ന വിവരവും പുറത്തുവരുന്നു. പെരുമ്പാവൂർ മുടിക്കല്ലിൽനിന്നും കളമശ്ശേരി പാതാളത്തുംനിന്നും മൂന്നുപേർ പിടിയിലായ സംഭവം പ്രദേശവാസികളെ അമ്പരപ്പിലാക്കി. ശനിയാഴ്ച പുലർച്ചെ ഇവർ പിടിയിലായ ശേഷമാണ് ചുറ്റും താമസിക്കുന്നവർ സംഭവം അറിയുന്നത്.
പാതാളത്തുനിന്ന് പിടിയിലായ മുർഷിദ് ഹസൻ മൂന്നാഴ്ച മുമ്പാണ് ഇവിടെ താമസിക്കാൻ എത്തിയത്. കൂടെയുള്ളവർ എല്ലാം ആറ് വർഷമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അവർക്ക് മലയാളം അറിയാമെന്നതിനാൽ പ്രദേശവാസികൾക്ക് പരിചിതരാണ്. എന്നാൽ, മുർഷിദ് ഹസൻ കൂടുതലും റൂമിനുള്ളിൽ തന്നെ കഴിഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു.
ആലുവ - പെരുമ്പാവൂർ റോഡിൽ വഞ്ചിനാട് ജങ്ഷന് അരികിലായാണ് സ്വകാര്യ വ്യക്തിയുടെ ലോഡ്ജിൽ പിടിയിലായവർ താമസിച്ചിരുന്നത്. ഇതിൽ ഒരാൾ എട്ടുവർഷമായി മുടിക്കല്ലിലും പരിസരങ്ങളിലുമായി കഴിയുന്നയാളാണെന്ന് പ്രദേശവാസികൾ പറയുന്നു.
കുടുംബവും കൂടെ താമസിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു വസ്ത്രശാലയിൽ ജീവനക്കാരനായിരുന്നു ഇയാൾ. കൂടുതൽ നേരം സ്മാർട്ട് ഫോണിൽ നോക്കി സമയം ചെലവഴിച്ചതല്ലാതെ മറ്റൊരു പ്രത്യേകതയും ഇയാളിൽ കണ്ടിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.