രാത്രിയും ചൂട് കൂടുന്നു; സംസ്ഥാനം അത്യുഷ്ണത്തിലേക്ക്
text_fieldsതൃശൂർ: പകലിനൊപ്പം രാത്രി ചൂടും കേരളത്തിൽ കുതിക്കുകയാണ്. ശീതമാസമായ ഫെബ്രുവരി അവസാനിക്കുന്നതിനുമുമ്പേ പുലർച്ച അടക്കം ചൂട് പ്രതിദിനം കൂടുകയാണ്. കാലാവസ്ഥ വകുപ്പിന്റെ സ്വയംനിയന്ത്രിത താപമാപിനിയിൽ 40.2 ഡിഗ്രിസെൽഷ്യസിൽ അധികം ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു.
പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. അതേസമയം, സാധാരണ മാപിനിയിൽ 36 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ 22 മുതൽ 24വരെ ഉണ്ടായിരുന്ന രാത്രിചൂട് 28 മുതൽ 29ലേക്ക് കുതിച്ചു. രാത്രി ചൂട് കൂടുന്ന പ്രതിഭാസം അത്യുഷ്ണത്തിലേക്ക് കേരളത്തിനെ തള്ളിവിടാനുള്ള സാധ്യതയാണ് നിഴലിക്കുന്നതെന്ന് കാലാവസ്ഥവ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി.
മാത്രമല്ല, കാറ്റ് നിശ്ചലമായ സാഹചര്യത്തിൽ ചൂട് കഠിനമാകാനുള്ള സാധ്യതയും ഏറെയാണ്. രാവിലെ 10നുശേഷം പുറത്തിറങ്ങാനാവാത്ത സാഹചര്യവുമുണ്ട്. ഈ സമയം അൾട്ര വയലറ്റ് രശ്മികളുടെ സാന്നിധ്യം അടക്കം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വൈകീട്ട് അഞ്ചുവരെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
തീര, സമതല, മല മേഖലകൾ ഇതിൽനിന്നും ഭിന്നമല്ല. രാത്രിയിൽ ബാഹ്യാകാശത്തേക്ക് തിരിച്ചുപോകുന്ന ഭൗമവികിരണങ്ങൾ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിനാൽ ഭൂമിയുടെ അന്തരീക്ഷ താപനില സ്ഥിരമായി നിലകൊള്ളുന്നു.
എന്നാൽ, വർധിച്ച തോതിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്) പുറന്തള്ളൽ മൂലം ഭൗമാന്തരീക്ഷം ക്രമാതീതമായി ചൂടു പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുവഴിയാണ് അന്തരീക്ഷ താപം വലിയ തോതിൽ കൂടുന്നത്. ആഗോളതാപനമെന്ന ഈ പ്രതിഭാസം കാലാവസ്ഥമാറ്റത്തിന്റെ പ്രഥമ സൂചനയാണ്.
ചൂട് ഇത്തരത്തിൽ കൂടിയാൽ കേരളത്തിൽ വരൾച്ച അടക്കം പ്രതീക്ഷിക്കാം. ഇങ്ങനെപോയാൽ വേനൽമാസങ്ങളായ മാർച്ച് മുതൽ മേയ്വരെ കേരളം ചുട്ടുപൊള്ളാനുള്ള സാധ്യതയുമുണ്ട്. അതിനിടെ, ഫെബ്രുവരി ആദ്യത്തിൽ അന്യമായ മഞ്ഞ് കേരളത്തിൽ വീണ്ടും അനുഭവപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി മൂന്നാറിൽ കഴിഞ്ഞ ദിവസം മൈനസ് ഒന്നിലേക്ക് ചൂട് കുറഞ്ഞ പ്രതിഭാസവുമുണ്ടായി. എന്നാലിത് വയനാട് അനുഭവപ്പെടുകയുമുണ്ടായില്ല. കാലാവസ്ഥവ്യതിയാനത്തിന്റെ പ്രകടമായ പ്രതിഭാസമായാണ് ഗവേഷകർ ഇതിനെ നിരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.