നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട കോഴഞ്ചേരി മൈലപ്ര ഗിരീഷ് ഭവനിൽ സനൽകുമാറിനെയാണ് (45) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
2013ൽ 14 വയസ്സുകാരിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത കളമശ്ശേരി പൊലീസ് നാല് ദിവസത്തിനുശേഷം ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി പ്രതി വിവാഹത്തട്ടിപ്പ് കേസിൽ മരട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയവെയാണ് നടി ആക്രമണ കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി പരിചയപ്പെടുന്നത്. നടൻ ദിലീപിനെ സുനി വിളിച്ച മൊബൈൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് സനൽകുമാറാണ്. ഇയാളുടെ വീട്ടിൽനിന്ന് ഈ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലും അറസ്റ്റിലായ പ്രതി വീണ്ടും ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടിയാണ് വിചാരണ നടത്തിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പ്രതിയിലുള്ള പെൺകുട്ടിയുടെ വിശ്വാസത്തെ മുതലെടുത്ത് കൃത്യം നടത്തിയ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പത്ത് വർഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ബലാത്സംഗത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കൂവെന്ന് വിധിന്യായത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.