രണ്ട് ദിവസം കൊണ്ട് കോഴിക്കോട്ട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജമായി
text_fieldsകോഴിക്കോട്: നിപ വൈറസ് പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എന്‍.ഐ.വി. പൂനെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് നിപ വൈറസ് ലാബ് സജ്ജമാക്കിയത്. മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേർന്നാണ് പരിശോധന നടത്തുന്നത്.
പരിശോധനക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. നിപ വൈറസ് പരിശോധനക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂനെ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കും.
നിലവില്‍, 48 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവരുടെ കണക്കുകള്‍. മരിച്ച കുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്ത് നീരീക്ഷണം തുടരും. 25 വീടിന് രണ്ട് പേര്‍ എന്ന നിലയില്‍ ഫീൽഡ് സർവെയലൻസിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.