ആശങ്കയുടെ വൈറസ് സംസ്ഥാനത്ത് അഞ്ചാം തവണ; അതിജീവനം ആത്മവിശ്വാസത്തോടെ
text_fieldsമലപ്പുറം: 2018 മേയിലാണ് സംസ്ഥാനത്ത് ആശങ്കയുയർത്തി ആദ്യനിപവൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ അസുഖം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച 19 പേര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനം ഞെട്ടിവിറച്ചു.
അതേസമയം 2019 ജൂണിൽ കൊച്ചിയിൽ യുവാവിന് നിപ്പ സ്ഥിരീകരിച്ചെങ്കിലും അതിജീവിക്കാനായി. പിന്നീട് 2021ൽ കോഴിക്കോട് ചാത്തമംഗലത്ത് 13കാരൻ രോഗം സ്ഥിരീകരിച്ച് മരിച്ചു. അന്ന് കോഴിക്കോട് മെഡി. കോളജ് കാഷ്വാലിറ്റിയിൽ ഉൾപ്പെടെ രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവർക്കു ലക്ഷണങ്ങൾ പോലും റിപ്പോർട്ട് ചെയ്തില്ല. 2023ൽ കോഴിക്കോട് മരുതോങ്കരയിൽ വീണ്ടും വൈറസ് എത്തി. ഇത്തവണ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. 2024 ൽ മലപ്പുറത്ത് രോഗം സ്ഥിരീകരിക്കുന്നതോടെ അഞ്ചാതവണയും ആശങ്കയുടെ വൈറസ് വരികയാണ്.
പഴംതീനി വവ്വാലുകളാണ് നിപ്പ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽനിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. 2023 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിൽ 20.9 ശതമാനത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, തളീക്കര, കള്ളാട്, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് 227 സാംപിളുകളാണ് ശേഖരിച്ചത്. മലപ്പുറത്തും ഇതേ നടപടികൾ വേണ്ടിവരും കേന്ദ്രസംഘം മലപ്പുറത്ത് എത്തുമെന്ന് സൂചനയുണ്ട്.
മുന്നനുഭവങ്ങൾ തന്ന ആത്മവിശ്വാസവുമായാണ് കേരളം മലപ്പുറത്ത് നിപ്പയെ പ്രതിരോധിക്കാനൊരുങ്ങുന്നത്. കോഴിക്കോട്ട് നിപ്പ പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ മലപ്പുറത്തും എത്തിയിട്ടുണ്ട്. ഭയം വേണ്ട ജാഗ്രത മതി എന്ന് സർക്കാർ അറിയിക്കുന്നുണ്ട്. അതേ സമയം അതീവജാഗ്രത വേണം. മലപ്പുറം വേങ്ങര സ്വദേശിനി 2018ലെ നിപ്പ വ്യപാനത്തെ തുടർന്ന് മരിച്ചിരുന്നു. മെഡി. കോളജിൽ രോഗിയുമായി സമ്പർക്കമുണ്ടായ സ്ത്രീയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.