സംസ്ഥാനത്ത് ഒരുവർഷത്തിനിടെ സൈബർ കേസുകളിൽ ഇരട്ടി വർധന
text_fieldsമലപ്പുറം: സംസ്ഥാനത്ത് സൈബർ കേസുകളുടെ എണ്ണം പെരുകുന്നു. പൊലീസിൽനിന്ന് ലഭ്യമായ കണക്കനുസരിച്ച് സൈബർ കേസുകളിൽ ഒരുവർഷത്തിനിടെ ഇരട്ടിയോളം വർധനവാണ് രേഖപ്പെടുത്തിയത്. 2021 ഒക്ടോബർ വരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 829 സൈബർ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 10 മാസത്തിനിടെ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ആദ്യമാണ്.
2020ൽ 426 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇൗ വർഷത്തെ അപേക്ഷിച്ച് പകുതി കേസുകൾ മാത്രമാണിത്. 2019ൽ 307 സൈബർ കേസുകളും 2018ൽ 340 സൈബർ കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 2222 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 38 ശതമാനവും ഇൗ വർഷമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് ലോക്ഡൗൺ കാലയളവുകളിൽ സംസ്ഥാനത്ത് വലിയതോതിൽ സൈബർ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പൊലീസ് കണക്കുകളിൽ വ്യക്തം. വിവിധ ജില്ലകളിൽ ഒാൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളും നഗ്നചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ വഴി വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകളും വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പരാതികൾ ലഭിക്കാത്ത കേസുകൾ കൂടെ ചേർത്താൽ സൈബർ കേസുകളുടെ എണ്ണം വീണ്ടും കുത്തനെ കൂടും. പരാതികളിൽ നടപടിയില്ലാത്തതും മാനഹാനിയും പലരേയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്.
സൈബർ ക്രൈം
കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ്വർക്കുകളിലേക്കും അനധികൃതമായി കടന്നുകയറൽ, ഹാക്കിങ്, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മോഷണം, ഇമെയിൽ ബോംബിങ്, വൈറസ് അറ്റാക്ക്, ലോജിക് അറ്റാക്ക്, ഇൻറർനെറ്റ് ടൈം മോഷണം എന്നിവയെല്ലാം സൈബർ ക്രൈമുകളിൽ ഉൾപ്പെടും.
ഇവ കൂടാതെ ഓൺലൈൻ വഞ്ചന, ഐ.പി സ്പൂഫിങ്, ഫിഷിങ്, സോഷ്യൽ മീഡിയ ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, മൊബൈൽ ഫോണുകളുടെ നഷ്ടം/ മോഷണം, തുടങ്ങി കമ്പ്യൂട്ടർ, ഇൻറർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും സൈബർ ക്രൈമുകളുടെ പരിധിയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.