മുട്ട മലേഷ്യയിലേക്ക്; വില മാനം മുട്ടെ
text_fieldsകൊച്ചി: ഒരിടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും മുട്ട വില കുതിക്കുന്നു. കോഴി, താറാവ്, കാട മുട്ടക്ക് വില വർധനയുണ്ട്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുട്ടയെത്തുന്ന നാമക്കലിൽ ഉൽപാദനം കുറഞ്ഞതും മലേഷ്യയടക്കം വിദേശ രാജ്യങ്ങളും മറ്റ് സംസ്ഥാനങ്ങളും കൂടുതലായി വാങ്ങാനാരംഭിച്ചതുമാണ് കേരളത്തിൽ വില കൂടാൻ കാരണം.
ഫുട്ബാൾ ലോകകപ്പ് സമയത്ത് നാമക്കലിൽനിന്ന് അഞ്ച് കോടി മുട്ടയാണ് ഖത്തർ വാങ്ങിയത്. ഇതോടെയാണ് മുട്ട ലഭ്യതയിൽ കുറവുണ്ടായതും വില വർധിക്കാൻ തുടങ്ങിയതും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് കനത്തതോടെ മുട്ടയുടെ ആവശ്യകത കൂടിയതിനിടയിലാണ് കോഴിമുട്ട ക്ഷാമം നേരിട്ട മലേഷ്യൻ സർക്കാർ ഇന്ത്യൻ എംബസിയെ സമീപിച്ചത്. കാർഷിക-ഭക്ഷ്യ സംസ്കരണ കയറ്റുമതി വികസന അതോറിറ്റി മുട്ട കയറ്റുമതിക്ക് അനുമതിയും നൽകി.
നാമക്കലിൽനിന്ന് പ്രാഥമികമായി രണ്ട് ലക്ഷം മുട്ട മലേഷ്യയിലേക്ക് കയറ്റിയയച്ചു. പുതിയ വിപണി തുറന്നതോടെ നാമക്കലിൽ മുട്ട ലഭ്യത കുറയുകയും വിലകൂടുകയും ചെയ്തു. കൂടുതൽ മുട്ട ആവശ്യപ്പെട്ട് മലേഷ്യ വീണ്ടും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഒരു കോഴി മുട്ടയുടെ മൊത്ത വിൽപന വില നാല് രൂപയായിരുന്നു. തിങ്കളാഴ്ച കേരളത്തിൽ മുട്ടയുടെ മൊത്ത വിൽപന വില 5.55 രൂപയാണ്. മുമ്പ് വില കൂടിയ കഴിഞ്ഞ ജൂണിലെ നിരക്കിനെ മറികടക്കുന്ന സാഹചര്യമാണുള്ളതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. താറാവ് മുട്ടയുടെ മൊത്ത വിൽപന വില 9.50 രൂപയായി ഉയർന്നു. ചില്ലറ വില 12രൂപക്ക് മുകളിലാണ്.
ജൈവ മുട്ടയായി അറിയപ്പെടുന്ന ഗ്രാമപ്രിയ മുട്ടയുടെ മൊത്ത വിൽപന വില 7.50 രൂപയായി ഉയർന്നു. ചില്ലറ വില 8.50 മുതൽ ഒമ്പത് രൂപവരെയാണ്. 100 കാടമുട്ടക്ക് 400 രൂപയാണ് പാക്കറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. മൊത്ത വിൽപന വില 2.50 രൂപയിൽനിന്ന് 2.80 ആയി ഉയർന്നു. 3.50 രൂപക്കാണ് ചില്ലറ വിൽപന. ഒന്നരക്കോടി മുട്ടയാണ് ആഴ്ചയിൽ നാമക്കലിൽനിന്ന് കേരളത്തിലെത്തിയിരുന്നത്.എന്നാൽ, വിലവർധിക്കുകയും ഉൽപാദനം കുറയുകയും ചെയ്തതോടെ കേരളത്തിലേക്കുള്ള മുട്ടയുടെ വരവ് വലിയ തോതിൽ കുറഞ്ഞതായി മൊത്ത വ്യാപാരിയായ ഉവൈസ് ഇബ്രാഹിം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.