ഹൈകോടതി ജഡ്ജിമാരുടെ എണ്ണം 45
text_fieldsകൊച്ചി: ഹൈകോടതിയിൽ അഞ്ച് ജഡ്ജിമാർ കൂടി ചുമതലയേൽക്കുന്നതോടെ മൊത്തം ന്യായാധിപന്മരുടെ എണ്ണം 45 ആകും. പി. കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവരാണ് പുതിയ ജഡ്ജിമാർ.
മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനായ പി. കൃഷ്ണകുമാർ 2012 ഒക്ടോബറിൽ ജില്ല ജഡ്ജിയായി ഒന്നാം റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്തും തിരുവനന്തപുരത്തും പ്രിൻസിപ്പൽ ജില്ല ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചു. എറണാകുളം എൻ.ഐ.എ, സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജിയായിരുന്നു. ഭാര്യ ശാലിനി അഭിഭാഷകയാണ്. മക്കൾ: കെ. ആകാശ് (വിദ്യാർഥി, ഐസർ, മൊഹാലി), നിരഞ്ജൻ, നീലാഞ്ജന (എളമക്കര ഭവൻസ് വിദ്യാമന്ദിർ വിദ്യാർഥികൾ).
കെ.വി. ജയകുമാർ 2012ൽ ജില്ല ജഡ്ജിയായി ചുമതലയേറ്റ ശേഷം തലശ്ശേരിയിലും കൊല്ലത്തും പ്രിൻസിപ്പൽ ജില്ല ജഡ്ജിയായി പ്രവർത്തിച്ചു. തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തയുടെയും കെ.വി. ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്നേഹ. നിലവിൽ ഹൈകോടതിയിൽ വിജിലൻസ് രജിസ്ട്രാറായി പ്രവർത്തിക്കുന്നു.
നിലവിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയായ എസ്. മുരളീകൃഷ്ണ 2014 മാർച്ച് 14നാണ് ജില്ല ജഡ്ജിയായി ചുമതലയേറ്റത്. മഞ്ചേരിയിൽ പ്രിൻസിപ്പൽ ജില്ല ജഡ്ജിയായിരുന്നു. കാഞ്ഞങ്ങാട് നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി എസ്. ഭാരതി ആലപ്പുഴ അഡീ. ജില്ല ജഡ്ജിയാണ്.
ഹൈകോടതിയിൽ ഡിസ്ട്രിക്ട് ജുഡീഷ്യറി രജിസ്ട്രാർ ആയിരുന്ന ജോബിൻ സെബാസ്റ്റ്യൻ 2014 മാർച്ച് 14ന് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവിസിൽ നേരിട്ട് ജില്ല ജഡ്ജിയായി നിയമിതനാവുകയായിരുന്നു. തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ജില്ല ജഡ്ജിയായി പ്രവർത്തിച്ചു. പാലാ നീലൂർ മംഗലത്തിൽ എം.ഡി. സെബാസ്റ്റ്യന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്.
2014 മാർച്ച് 14ന് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവിസിൽ നേരിട്ട് ജില്ല ജഡ്ജിയായ തൃശൂർ പാവറട്ടി സ്വദേശി പി.വി. ബാലകൃഷ്ണൻ കാസർകോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയായിരുന്നു. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാനുമാണ്. റിട്ട. ജില്ല ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.