മീറ്റർ റീഡർമാരുടെ എണ്ണം കൂട്ടില്ല; നിലപാട് കടുപ്പിച്ച് ജല അതോറിറ്റി
text_fieldsകൊല്ലം: പുതിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം വലിയതോതിൽ കൂടുമ്പോഴും മീറ്റർ റീഡർമാരുടെ തസ്തികകൾ വർധിപ്പിക്കേണ്ടെന്ന നിലപാടിൽ ജല അതോറിറ്റി. മീറ്റർ റീഡർമാരുടെ 350 ഓളം തസ്തികകൾ 600 ആയെങ്കിലും ഉയർത്തണമെന്ന് കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതിന് അനൂകൂലമായ മറുപടിയല്ല മാനേജിങ് ഡയറക്ടർ നൽകിയത്.
കെ-സെൽഫ് ആപ്, മീറ്റർ റീഡേഴ്സ് ആപ് എന്നീ നൂതനസാങ്കേതിക വിദ്യകളുള്ള സാഹചര്യത്തിൽ കൂടുതൽ മീറ്റർ റീഡർമാരുടെ ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പി.എസ്.സി മുഖേന നിലവിലെ മുഴുവൻ ഒഴിവുകളും നികത്തുമെന്ന് ചീഫ് എൻജിനീയർ ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. 18 ലക്ഷം കണക്ഷനുകൾ ഉണ്ടായിരുന്നപ്പോഴുള്ള നിലവിലെ തസ്തികകൾ നിലവിൽ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണക്ഷനുകൾ 40 ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ വരുമാന ചോർച്ച ഉണ്ടാകാതിരിക്കാൻ മീറ്റർ റീഡിങ്ങും കാര്യക്ഷമമാക്കേണ്ടതുണ്ട്. ജൽജീവൻ മിഷൻ 2024ൽ പൂർത്തിയാകുന്നതോടെ കണക്ഷനുകൾ 80 ലക്ഷമാകും.
കുടുംബശ്രീയുടെ സേവനവും മീറ്റർ റീഡിങ്ങിന് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ കുടുംബശ്രീ മുഖേനയുള്ള റീഡിങ് മന്ദഗതിയിലാണെന്ന് വിമർശനമുണ്ട്. ഡയറക്ടർ ബോർഡ് യോഗത്തിലും ഇതുസംബന്ധിച്ച് ചർച്ച വന്നിരുന്നു. ഇതടക്കം മീറ്റർ റീഡർ പ്രശ്നത്തിൽ ജല അതോറിറ്റിയിലെ അംഗീകൃത ട്രേഡ് യൂനിയനുകളുമായി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.
നിലവിലെ സാമ്പത്തികബാധ്യത കൂടി പരിശോധിച്ചാകും തീരുമാനം. വിഷയം പഠിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൺവേർഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി മീറ്റർ റീഡർമാരുടെ എണ്ണം 600 ആയി വർധിപ്പിക്കണമെന്നതടക്കം മീറ്റർ റീഡർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നൽകിയ അപേക്ഷയും ബോർഡ് പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ തസ്തികകൾ വെണ്ടെന്ന മാനേജ്മെന്റ് നിലപാട് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.