‘ഓർത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ എണ്ണം, ഏതൊക്കെ പള്ളികൾ ആരൊക്കെ ഭരിക്കുന്നു’; വിവരം കൈമാറണമെന്ന് സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മലങ്കര സഭക്ക് കീഴിലെ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളിൽ എത്ര പേരുണ്ടെന്നും ഏതൊക്കെ പള്ളികൾ ആരൊക്കെ ഭരിക്കുന്നുവെന്നുമുള്ള കണക്ക് അറിയിക്കാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി. കഴിയുമെങ്കിൽ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരം തന്നെ നൽകണമെന്നും കോടതി സർക്കാറിനേട് ആവശ്യപ്പെട്ടു.
എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം സംബന്ധിച്ച ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ ജനുവരി 29, 30 തിയതികളിൽ വിശദവാദം കേൾക്കുമെന്ന് അറിയിച്ച കോടതി, അതുവരെ പള്ളികളുടെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്നും ഉത്തരവിട്ടു.
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാറിന് ഇടപെടാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇരുവിഭാഗങ്ങളും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് കോടതി ആവശ്യപ്പെട്ടു.
ഇരു വിഭാഗങ്ങളുടെയും പൂർണ ഭരണ നിയന്ത്രണത്തിലുള്ള പള്ളികളുടെ പട്ടിക, തർക്കത്തിലിരിക്കുന്ന പള്ളികളുടെ പട്ടികയും സർക്കാർ സമർപ്പിക്കണം. ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഡിസംബർ മൂന്നിലെ ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്ക് സഭ ചൊവ്വാഴ്ച കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ ഇപ്പോൾ പുറപ്പെടുവിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.