വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് ഇന്ന് പുറത്തുവിടും
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് ശനിയാഴ്ച പ്രസിദ്ധീകരിച്ചേക്കും. അധ്യാപകരുടെ പട്ടിക വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും പേരുവിവരം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചു. അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കാനാണ് ധാരണ. ശനിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ സമൂഹം അറിയണമെന്നും ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കാൻ തീരുമാനമില്ലെന്ന് മന്ത്രിയുടെ ഓഫിസ് പിന്നീട് വിശദീകരിച്ചു.
വാക്സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കുക. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്ത അധ്യാപകർ സർക്കാർ ഡോക്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വാക്സിനെടുക്കാത്ത അധ്യാപകർക്ക് സ്കൂളിലെത്താൻ ആഴ്ചതോറും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടതെന്നും യോഗം നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.