ഷൗക്കത്ത് പാർട്ടിയെ തോക്കിൻമുനയിൽ നിർത്തി വിലപേശുന്നെന്ന് ഔദ്യോഗിക വിഭാഗം
text_fieldsതിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മലപ്പുറം ജില്ലയിൽ കോൺഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണെന്നും നടപടി വേണമെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം കോൺഗ്രസ് അച്ചടക്ക സമിതി മുമ്പാകെ ആവശ്യപ്പെട്ടു. ജില്ലയിൽനിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി സെക്രട്ടറിമാർ, കെ.എസ്.യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് തിങ്കളാഴ്ച ഇന്ദിര ഭവനിൽ എത്തി മൊഴി നൽകിയത്.
ഷൗക്കത്തിന്റെ വിഭാഗം ജില്ലയിൽ നിരന്തരം പാർട്ടിയിൽ പ്രശ്നം സൃഷ്ടിക്കുകയാണ്. പാർട്ടിയെ തോക്കിൻമുനയിൽ നിർത്തി ഷൗക്കത്തും സംഘവും വിലപേശൽ നടത്തുകയാണെന്നും ഔദ്യോഗിക വിഭാഗം ആരോപിച്ചു. നേരത്തേ േബ്ലാക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ സമാന്തര കൺവെൻഷൻ വിളിച്ചുചേർത്തു. കൺവെൻഷൻ മാറ്റിവെക്കാൻ കെ.പി.സി.സി പ്രസിഡന്റ് നിർദേശിച്ചിട്ടും പാലിച്ചില്ല. ഇതിനു നേതൃത്വം താക്കീത് ചെയ്തിരുന്നു. സമാന്തര പ്രവർത്തനംതന്നെയാണ് മലപ്പുറത്ത് ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലി. ഗ്രൂപ് പ്രവർത്തനം നടത്തി നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് അറുതി വേണമെന്നും ഔദ്യോഗിക വിഭാഗം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്കു പുറമെ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, സെക്രട്ടറിമാരായ കെ.പി. അബ്ദുൽ മജീദ്, വി. ബാബുരാജ്, കെ.പി.സി.സി അംഗങ്ങളായ എൻ.എ. കരീം, റഷീദ് പറമ്പൻ, ബാബു മോഹനക്കുറുപ്പ്, വി. മധുസൂദനൻ, എ.കെ. അബ്ദുറഹ്മാൻ, അജീഷ് എടലത്ത്, അഡ്വ. നസ്റുല്ല, പി.പി. വിജയകുമാർ, എ.എം. രോഹിത്, കെ.പി. അജ്മൽ, എ.കെ. നസീർ തുടങ്ങിയവർക്കു പുറമെ, 16 ഡി.സി.സി സെക്രട്ടറിമാർ, 23 േബ്ലാക്ക് പ്രസിഡന്റുമാർ എന്നിവരും അച്ചടക്ക സമിതി മുമ്പാകെ ഹാജരായി. നേരത്തേ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിൽനിന്ന് അച്ചടക്കസമിതി തെളിവെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.