സി.പി.എം നേതാക്കൾ കോഴ ആവശ്യപ്പെട്ടുവെന്ന് കുറിപ്പെഴുതി വയോധികൻ ജീവനൊടുക്കി
text_fieldsവടശേരിക്കര: വ്യാപാര സ്ഥാപനം മറയാത്തവിധം കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ സി.പി.എം നേതാക്കൾ പണമാവശ്യപ്പെട്ടെന്ന് കുറിപ്പെഴുതി വെച്ചയാൾ മരിച്ച നിലയിൽ. പെരുനാട് മടത്തുമൂഴി മേലേതിൽ ബാബു (68 ) നെയാണ് ഞായറാഴ്ച്ച പുലർച്ചെ വീട്ടുവളപ്പിലെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ബാബുവിന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്നും കിട്ടിയ കുറിപ്പിൽ മരണകാരണം വീട്ടിലെ ഡയറിയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഡയറിയിൽ സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
സി.പി.എം ജില്ലാ കമ്മറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡൻറും കൂടിയായ പി.എസ് മോഹനനും പാർട്ടി ലോക്കൽ സെക്രട്ടറി റോബിനും പഞ്ചായത്ത് അംഗം ശ്യാം വിശ്വനും ചേർന്ന് കാൽ കോടിയോളം രൂപ ആവശ്യപ്പെട്ട് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായാണ് ബാബു എഴതിയിട്ടുള്ളത്. കുറിപ്പിലെ കൈയ്യക്ഷരം ബാബുവിന്റേത് തന്നെയാണെന്ന് ബാബുവിന്റെ ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.
മടത്തുംമൂഴി ജംക്ഷനിൽ ബാബുവിനുണ്ടായിരുന്ന വ്യാപാരസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. വ്യാപാരസ്ഥാപനം മറയുംവിധം പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുവാനും ബാബുവിന്റെ പറമ്പിലേക്കിറക്കി ശൗചാലയം നിർമ്മിക്കുവാനും ആരോപണവിധേയനായ പി.എസ് മോഹനൻ പ്രസിഡൻറായ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. ഇതിനായി തഹസിൽദാരെ കൊണ്ടുവന്ന് ബലമായി ഭൂമി അളന്നെടുക്കുകയും ചെയ്തിരുന്നു.
ഇതിെൻറ തുടർ നടപടി ഒഴിവാക്കാനാണ് ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പി.എസ് മോഹനന് മൂന്ന് ലക്ഷവും ലോക്കൽ സെക്രട്ടറിക്കും വാർഡ് മെമ്പർക്കും ഒരു ലക്ഷം രൂപ വീതവും കോഴ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി.എസ് മോഹനൻ പ്രസിഡൻറായ സർവീസ് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ബാബു പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ കരാർ പി.എസ് മോഹനന്റെ മൂത്ത മകന് നൽകണമെന്നും ആവശ്യപ്പെട്ടതായും ആത്മഹത്യാ കുറിപ്പിലുണ്ട്. 1967 മുതൽ സി.പി.എം പ്രവർത്തകനാണ് താനെന്നും കുറിപ്പിലെഴുതിയിട്ടുണ്ട്.
ബാബുവിന്റെ മരണത്തിൽ ഉത്തരവാദികളായ സി.പി.എം നേതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുവിന്റെ ഭാര്യ കുസുമം കുമാരി പെരുനാട് പൊലീസിൽ പരാതി നൽകി. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പ്രകാരം തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.