സജി ചെറിയാന്‍റെ രാജി: തിളച്ച് മറിഞ്ഞ് നിയമസഭ; പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ ചോദ്യോത്തരവേളയോട് സഹകരിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മന്ത്രിമാരോട് ചോദ്യം ചോദിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയാറായില്ല. മന്ത്രി സജി ചെറിയാൻ സഭയിലുള്ള സാഹചര്യത്തിൽ നേരിട്ട് അടിയന്തര പ്രമേയത്തിലേക്ക് കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം അംഗീകരിക്കാൻ സ്പീക്കർ തയാറായില്ല.
ഇതിനിടെ, പ്രതിപക്ഷത്തിനെതിരെ ശബ്ദമുയർത്തി മന്ത്രിമാരടക്കം ഭരണപക്ഷ അംഗങ്ങളും ഇരിപ്പിടത്തിൽ എഴുന്നേറ്റ് നടുത്തളത്തിന് സമീപമെത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി ജയ് ഭീം എന്നും കുന്തവും കുടച്ചക്രമെന്നും മുദ്രാവാക്യം വിളിച്ചു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പദവിയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പിന്നാലെ നിയമസഭാ ഹാളിന് പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നിയമസഭ വളപ്പിലെ അംബേദ്ക്കർ പ്രതിമക്ക് മുമ്പിൽ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് എം.എൽ.എമാർ ഭരണഘടനയുടെ ആമുഖം ഉയർത്തി പിടിച്ച് പ്രതിഷേധിച്ചു.
രാജ്യത്തെ ഭരണഘടന ബ്രിട്ടീഷുകാർ എഴുതി കൊടുത്തതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം ആർ.എസ്.എസിന്‍റെ അഭിപ്രായത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭ കവാടത്തിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാൻ ഉച്ചരിച്ച വാചകങ്ങൾ ആർ.എസ്.എസ് സ്ഥാപകൻ ഗോൾവാൽക്കറിന്‍റെ പുസ്തകത്തിൽ പറയുന്നുണ്ട്. ആർ.എസ്.എസിന്‍റെ ആശയങ്ങളാണ് മന്ത്രി ഉയർത്തുന്നതെന്നും അദ്ദേഹം രാജിവെച്ച് ആർ.എസ്.എസിൽ ചേരുന്നതാണ് നല്ലതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് ആശയങ്ങൾ പഠിച്ചു വരികയാണ് മന്ത്രി. സംസ്ഥാന മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും സജി ചെറിയാന് ആർ.എസ്.എസിന്‍റെ സഹായത്തോടെ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കും. ആർ.എസ്.എസ് നേതാക്കൾ പറയുന്നതിനെക്കാൾ ആർജവത്തോടെയാണ് അവരുടെ ആശയങ്ങൾ സജി ചെറിയാൻ പറയുന്നത്. എങ്ങനെയാണ് ഇത്രയും നീചമായ വാക്കുകൾ ഉപയോഗിക്കാൻ സധിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും അഭിപ്രായം ഇത് തന്നെയാണെങ്കിൽ സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിലനിർത്തുക. മറിച്ചാണെങ്കിൽ മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ മന്ത്രിയെ പുറത്താക്കുക. ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്ക്കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ഭരണഘടന നിന്ദ നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പൊതുജനങ്ങളും ഭരണഘടനാ വിദഗ്ധരും അഭിഭാഷകരും അടക്കമുള്ളവർ ആവശ്യപ്പെടുന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചവരോട് സഹതാപം മാത്രമാണ്. വിവാദ പരാമർശത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയാതെ സർക്കാർ ഒളിച്ചോടുകയാണ് ചെയ്തത്. നാടും പൊതുസമൂഹവും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്കും സർക്കാറിനും സാധിക്കില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.