പൊലീസുകാർക്ക് അമിതജോലി ഭാരമെന്ന് നിയമസഭയിൽ പ്രതിപക്ഷം; ‘അഞ്ച് വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തു’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് അമിത ജോലി ഭാരമെന്ന് നിയമസഭയിൽ പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നു. അഞ്ച് വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ജീവനൊടുക്കിയ ഒരു പൊലീസുകാരന്‍റെ ആത്മഹത്യ കുറിപ്പും വിഷ്ണുനാഥ് സഭയിൽ വായിച്ചു.
പൊലീസുകാരുടെ ജോലി ഭാരം കുറക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നാട്ടുകാരുടെ പരാതി കേൾക്കുന്ന പൊലീസുകാരുടെ പരാതി കേൾക്കാനുള്ള സംവിധാനം ഉണ്ടാകണം. പൊലീസിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം.
നിയമസഭ സമ്മേളിച്ച ശേഷം ആറു ദിവസത്തിനിടെ അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് പൊലീസുകാരില്ലെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
പൊലീസുകാരുടെ എട്ടു മണിക്കൂർ ഡ്യൂട്ടി പെട്ടെന്ന് നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കൂടുതൽ സ്റ്റേഷനിലേക്ക് എട്ടു മണിക്കൂർ ഡ്യൂട്ടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോലി സമ്മർദം പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല. പൊലീസുകാരുടെ സമ്മർദം ഒഴിവാക്കാൻ യോഗ ഉൾപ്പെടുള്ളവ നടപ്പാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള പൊലീസിന്‍റെ വിഷയത്തിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത്. സി.പി.എം ആണ് പൊലീസ് സേനയെ നിയന്ത്രിക്കുന്നത്. ജില്ല പൊലീസ് മേധാവിമാരെ പാർട്ടി ജില്ലാ സെക്രട്ടറിയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ഏരിയ കമ്മിറ്റികളും നിയന്ത്രിക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാതെയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചിൽ കൈവച്ച് പറയാൻ സാധിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കർ നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.