Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനാധിപത്യപരമായ...

ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷം നടത്തുന്നത് -സി.പി.എം സെക്രട്ടേറിയറ്റ്

text_fields
bookmark_border
ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷം നടത്തുന്നത് -സി.പി.എം സെക്രട്ടേറിയറ്റ്
cancel

തിരുവനന്തപുരം : നിയമസഭ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കുന്നതെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌. മലപ്പുറത്തെ സംബന്ധിച്ച്‌ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന്‌ പറഞ്ഞാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.

ചര്‍ച്ചക്ക്‌ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ഇതിന്റെ പേര്‌ പറഞ്ഞ്‌ എല്ലാ ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ സഭ നടപടികള്‍ തടസ്സപ്പെടുത്തുകയാണ്‌ പ്രതിപക്ഷം ചെയ്‌തത്‌. ഇത്തരമൊരു നടപടി സഭ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്‌. കേരള നിയമസഭയ്‌ക്ക്‌ തീരാക്കളങ്കമാണ്‌ ഇതുണ്ടാക്കിയത്‌.

കേരളത്തിലെ 14 ജില്ലകളും മലയാളിയെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രധാന്യമുള്ളതാണ്‌. ഓരോ പ്രദേശത്തിന്റേയും പിന്നോക്കാവസ്ഥയും, ഭരണപരമായ സൗകര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ്‌ ജില്ല രൂപീകരണമുള്‍പ്പെടേയുള്ളവ തീരുമാനിക്കുന്നത്‌. 1921-ലെ മലബാര്‍ കാര്‍ഷിക കലാപത്തെ തുടര്‍ന്ന്‌ മുസ് ലീങ്ങളുള്‍പ്പെടേയുള്ള പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളുമെല്ലാം വിവിധങ്ങളായ പീഢനങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഏറ്റുവാങ്ങേണ്ടിവന്നു. ഇത്‌ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ്‌ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടത്തിയത്‌.

കാര്‍ഷിക മേഖലയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഇടപെടുന്നതിന്റെ ഭാഗമായി ഭൂപരിഷ്‌ക്കരണ നിയമം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാസ്സാക്കി. സര്‍ക്കാര്‍ മേഖലയില്‍ വെരിഫിക്കേഷനുള്‍പ്പെടെ ഉപയോഗപ്പെടുത്തി തൊഴിലുകളില്‍ നിന്നും മാറ്റിനിര്‍ത്തിയ മുസ് ലീം ജനവിഭാഗങ്ങള്‍ക്ക്‌ സംവരണവും ഏര്‍പ്പെടുത്തി. ആരാധനാലയങ്ങള്‍ നിർമിക്കുന്നതിനും, പൊലീസ്‌ സേനയിലേക്കുള്ള പ്രവേശനത്തിലും ഉണ്ടായിരുന്ന വിലക്കുകളും 1957-ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എടുത്തുമാറ്റി.

കേരളത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമിട്ട ഈ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരത്തില്‍ മുസ് ലീം ലീഗ്‌ ഉള്‍പ്പെടേയുള്ള രാഷ്‌ട്രീയ കക്ഷികളുണ്ടായിരുന്നു. 1967-ല്‍ പിന്നീട്‌ അധികാരത്തില്‍ വന്ന പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ഈ മേഖലയില്‍ പ്രത്യേക ജില്ലയും, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ യൂണിവേഴ്‌സിറ്റിയും സ്ഥാപിച്ചത്‌. ഈ ഘട്ടത്തില്‍ കുട്ടിപാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നുവെന്ന്‌ പറഞ്ഞ്‌ ജില്ല രൂപീകരണത്തെ സംഘപരിവാര്‍ ശക്തമായി എതിര്‍ത്തു. അവര്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നു. ജില്ല രൂപീകരണത്തെ എതിര്‍ത്തവരോട്‌ മറ്റ്‌ ജില്ലകളെപ്പോലെ തന്നെ ഇത്‌ എല്ലാ വിഭാഗങ്ങളുടേതുമാണെന്ന്‌ മനസ്സിലാക്കണമെന്നും ഇ.എം.എസ്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

മലപ്പുറത്തെ ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ പൊതുവിദ്യാലയങ്ങളും, പൊതുആരോഗ്യ സ്ഥാപനങ്ങളും ഇ.എം.എസ്‌ സര്‍ക്കാരുകള്‍ ആരംഭിച്ചു. ജനകീയാസൂത്രണം പോലുള്ള പ്രവര്‍ത്തനങ്ങളാവട്ടെ മലപ്പുറത്ത്‌ വികസനത്തിന്റെ പുതിയ വെളിച്ചം നല്‍കി. അത്തരം ഇടപെടലുകള്‍ ഇപ്പോഴും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സാമ്രാജ്യത്വവിരുദ്ധവും, ജന്മിത്വവിരുദ്ധവുമായ സമരം നടത്തിയതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ട മലപ്പുറത്തെ സാധാരണ ജനതയ്‌ക്ക്‌ അവ ഉറപ്പുവരുത്താനാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി ഇടപെട്ടത്‌.

ആര്‍.എസ്‌.എസ്‌ വിരുദ്ധത വാക്കുകളില്‍ പോലും പ്രകടിപ്പിക്കാത്തവരാണ്‌ യു.ഡി.എഫ്‌. അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തോട്‌ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശബ്ദിക്കാതെ അവര്‍ക്ക്‌ ഒത്താശ ചെയ്‌തു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക്‌ രാഷ്‌ട്രീയ താല്‍പര്യത്തോടെ കടന്നുവന്നപ്പോള്‍യു. ഡി.എഫ്‌ അവര്‍ക്ക്‌ ഓശാന പാടി. അതിനാല്‍ മലപ്പുറത്തെ കേന്ദ്രീകരിച്ച്‌ നടത്തുന്ന ഏതൊരു ചര്‍ച്ചയും തങ്ങളുടെ മുഖംമൂടി അഴിക്കുന്നതിനാണ്‌ ഇടയാക്കുക എന്ന്‌ യു.ഡി.എഫിനറിയാം. അതുകൊണ്ട്‌ ചര്‍ച്ചകള്‍ ഒഴിവാക്കുകയും, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ പിടിപ്പുകേട്‌ മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ്‌ നയമസഭ ബഹിഷ്‌ക്കരണത്തിലൂടെ ഉണ്ടായിട്ടുള്ളത്‌.

കോണ്‍ഗ്രസ്‌-ലീഗ്‌-എസ്‌.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ്‌ ഇപ്പോള്‍ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന സംഘപരിവാര്‍ അജണ്ടക്കൊപ്പം ഇവരും അണിചേര്‍ന്നിരിക്കുകയാണ്‌. പി.വി അന്‍വറെ ഉപയോഗപ്പെടുത്തിയുള്ള രാഷ്‌ട്രീയ നാടകം അരങ്ങേറുന്നത്‌ ഇതിന്റെ ഭാഗമായാണ്‌. പാര്‍ടി പ്രവര്‍ത്തകരും, അനുഭാവികളും അവരുടെ യോഗങ്ങളില്‍ എത്താതായതോടെ കോണ്‍ഗ്രസിന്റേയും, ലീഗിന്റേയും പ്രവര്‍ത്തകരെഅത്തരം ഗണത്തില്‍പ്പെടുത്താനാണ്‌ വലതുപക്ഷ മാധ്യമങ്ങളോട്‌ ചേര്‍ന്ന്‌ ഇവര്‍ പരിശ്രമിക്കുന്നത്‌.

അന്‍വര്‍ മുന്നോട്ടുവെക്കുന്ന ജില്ല വിഭജനമുള്‍പ്പെടേയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്‌ട്ര കാഴ്‌ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന്‌ തിരിച്ചറിയണം. സാമൂഹ്യ ധ്രുവീകരണം സൃഷ്ടിച്ച്‌ നേട്ടം കൊയ്യാനുള്ള മതരാഷ്‌ട്രവാദികളുടേയും, വലതുപക്ഷ രാഷ്‌ട്രീയത്തിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabhaCPM Secretariatmalappuram
News Summary - The opposition is doing activities that destroy democratic practices -CPM Secretariat
Next Story