അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് പ്രതിപക്ഷം, സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു
text_fieldsതിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനക്കെതിരായ പരാമർശം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയ സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാക്കൾ സ്പീക്കർ എം.ബി. രാജേഷിനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നതിന് ശേഷവും എട്ട് മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും സ്പീക്കറെ നേതാക്കൾ അറിയിച്ചു.
വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളംവെച്ചത്. സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ ചോദ്യോത്തരവേളയോട് സഹകരിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മന്ത്രിമാരോട് ചോദ്യം ചോദിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയാറായില്ല. മന്ത്രി സജി ചെറിയാൻ സഭയിലുള്ള സാഹചര്യത്തിൽ നേരിട്ട് അടിയന്തര പ്രമേയത്തിലേക്ക് കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം അംഗീകരിക്കാൻ സ്പീക്കർ തയാറായില്ല.
ഇതിനിടെ, പ്രതിപക്ഷത്തിനെതിരെ ശബ്ദമുയർത്തി മന്ത്രിമാരടക്കം ഭരണപക്ഷ അംഗങ്ങളും ഇരിപ്പിടത്തിൽ എഴുന്നേറ്റ് നടുത്തളത്തിന് സമീപമെത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി ജയ് ഭീം എന്നും കുന്തവും കുടച്ചക്രമെന്നും മുദ്രാവാക്യം വിളിച്ചു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പദവിയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.